മണിയുടെ മരണം: താരത്തിന്റെ സുഹൃത്തുക്കളെ നുണപരിശോധനയ്‌ക്ക് വിധേയമാക്കും

വെള്ളി, 29 ജൂലൈ 2016 (13:32 IST)
നടൻ കലാഭവൻ മണിയുടെ മരണകാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്ന് പൊലീസ്. ആത്മഹത്യയോ കൊലപാതകമോ എന്നു സ്ഥിരീകരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റ് ആറു സുഹൃത്തുക്കൾക്കു നുണപരിശോധന നടത്താൻ തീരുമാനിച്ചതായി പൊലീസ് മനുഷ്യാവകാശ കമ്മിഷനു സമർപ്പിച്ച റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

ചാലക്കുടിപ്പുഴയോരത്തെ താരത്തിന്റെ ഔട്ട്‌ ഹൗസായ പാഡിയിലാണ് മണിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യ, കൊലപാതകം, രാസപദാർഥം ഉള്ളിൽച്ചെന്നുള്ള സ്വാഭാവിക മരണം എന്നിങ്ങനെ മൂന്നു സാധ്യതകളെക്കുറിച്ചാണ് അന്വേഷിച്ചതെന്നും പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

290ലേറെ സാക്ഷികളുടെ മൊഴിയെടുത്തു. നിരവധി സാങ്കേതിക തെളിവുകൾ ശേഖരിച്ചു. ഇതിൽ നിന്നൊന്നും മരണകാരണം കണ്ടെത്താനായില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി ബി ഐക്ക് വിട്ടുവെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് അയച്ചതായി ആഭ്യന്തരസെക്രട്ടറി കമ്മീഷന് റിപ്പോര്‍ട്ട് നല്കിയിരുന്നു.

അന്വേഷണം സി ബി ഐക്ക് വിടാനുള്ള വിജ്ഞാപനം കഴിഞ്ഞ ജൂണ്‍ 10ന് പുറപ്പെടുവിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തൃശൂരില്‍ നടന്ന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്ങില്‍ ആഭ്യന്തരസെക്രട്ടറിക്കു വേണ്ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

മണിയുടേത് ആത്മഹത്യയോ കൊലപാതകമോ എന്ന് കണ്ടത്തൊനുള്ള തെളിവുകള്‍ കിട്ടിയിട്ടില്ലെന്ന് ഡിജിപിക്കു വേണ്ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ മെഥനോളിന്റെ അംശം മരണകാരണമാണോ എന്ന കാര്യം വിദഗ്ധ വിശകലനത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ എന്നും ഡി ജി പി അറിയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക