കൊലപാതകി ആണ്‍സുഹൃത്ത് ആയിരിക്കുമെന്ന് ആദ്യം കരുതി; ഒളിച്ചോടിയ ഇവര്‍ മാസങ്ങളോളം ഒന്നിച്ചു താമസിച്ച ശേഷം പിരിഞ്ഞു !

രേണുക വേണു

വ്യാഴം, 4 ജൂലൈ 2024 (08:52 IST)
Kala Murder Case

ആലപ്പുഴ മാന്നാറിലെ കലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കലയുടെ ആണ്‍സുഹൃത്ത് ആയിരിക്കും കൊലപാതകിയെന്ന് പൊലീസിനു സംശയമുണ്ടായിരുന്നു. ആലപ്പുഴ കുട്ടമ്പേരൂര്‍ സ്വദേശിയായ ഇയാള്‍ക്കൊപ്പമാണ് കല ഒളിച്ചോടിയത്. ഈ സമയത്ത് ഭര്‍ത്താവ് അനില്‍കുമാര്‍ വിദേശത്ത് ആയിരുന്നു. ആണ്‍സുഹൃത്തും കലയും ആലുവയില്‍ മാസങ്ങളോളം വീട് വാടകയ്‌ക്കെടുത്ത് താമസിച്ചു. പിന്നീട് ലോറി ഡ്രൈവറായ ഇയാളുമായി പിരിയുകയും ചെയ്തു. 
 
കല എറണാകുളത്തെ ടെക്‌സ്റ്റൈല്‍ ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് കലയുടെ ഭര്‍ത്താവ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. നാട്ടിലെത്തിയ ഭര്‍ത്താവ് അനില്‍ ഇവിടെ നിന്നാണ് കലയെ മാന്നാറിലേക്ക് കൊണ്ടുപോയത്. മാന്നാറിലേക്കുള്ള യാത്രാ മധ്യേ ആയിരുന്നു കൊലപാതകം. 
 
ഇപ്പോള്‍ കുവൈറ്റില്‍ ജോലി ചെയ്തിരുന്ന കുട്ടമ്പേരൂര്‍ സ്വദേശിയെ (ആണ്‍സുഹൃത്ത്) കഴിഞ്ഞ ആഴ്ച പൊലീസ് നാട്ടിലെത്തിച്ചു. ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് പങ്കില്ല എന്ന് ബോധ്യപ്പെട്ടത്തോടെ വെറുതെ വിട്ടു. ഭര്‍ത്താവ് അനിലിലേക്ക് എത്താന്‍ പൊലീസ് വൈകിയത് ആണ്‍ സുഹൃത്താണ് കൊലക്ക് പിന്നില്‍ എന്ന സംശയത്തില്‍ ആയിരുന്നു. അതിനാല്‍ തന്നെ ഭര്‍ത്താവ് അനിലിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വൈകി. 
 
കലയുടെ തിരോധാനം കൊലപാതകം ആണെന്ന പരാതിയായിരുന്നു പൊലീസിന് രണ്ടുമാസം മുന്‍പ് ലഭിച്ചത്. മുഖ്യസാക്ഷി സുരേഷിന്റെ മൊഴി ലഭിച്ചതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവ് ഉണ്ടായത്. മുഖ്യ സാക്ഷി സുരേഷിന്റെ മൊഴിയില്‍ നിന്നാണ് ഭര്‍ത്താവ് അനിലേക്കും മറ്റു പ്രതികളിലേക്കും പൊലീസ് എത്തിയത്.
 
മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ കല കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസമാണ് പൊലീസ് സ്ഥിരീകരിച്ചത്. 2009 ലാണ് കൊലപാതകം നടന്നത്. നാല് പ്രതികളാണ് കേസില്‍ ഉള്ളതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് രണ്ടും മൂന്നും നാലും പ്രതികള്‍. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. നിലവില്‍ ഇസ്രയേലിലാണ് ഒന്നാം പ്രതി അനില്‍ ഉള്ളത്. ഇയാളെ നാട്ടിലേക്കു കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചതായി എസ്.പി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു. 
 
അനിലും മറ്റു പ്രതികളും ചേര്‍ന്ന് കലയെ കൊലപ്പെടുത്തിയ ശേഷം മാരുതി കാറില്‍ മൃതദേഹം കൊണ്ടുപോയി മറവു ചെയ്തു. പിന്നീട് തെളിവുകളെല്ലാം നശിപ്പിച്ചു. കല കുഞ്ഞിനേയും ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയെന്നാണ് അനിലും കുടുംബവും പ്രചരിപ്പിച്ചത്. നാട്ടുകാര്‍ ഇത് വിശ്വസിക്കുകയും ചെയ്തു. കലയുടെ വീട്ടുകാരും പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. ഇപ്പോള്‍ 15 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കലയുടെ തിരോധാനത്തിന്റെ ചുരുളുകള്‍ അഴിയുന്നത്. 
 
മൂന്ന് മാസം മുന്‍പ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് കലയുടെ തിരോധാനം അന്വേഷിക്കാന്‍ ആരംഭിച്ചത്. അനിലിന്റെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് യുവതിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സെപ്റ്റിക് ടാങ്കില്‍ നിന്ന് ഒരു സ്ത്രീയുടേതെന്ന് കരുതുന്ന ഒരു ലോക്കറ്റും ക്ലിപ്പും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍