കത്രിക വെച്ചില്ല, പകരം ‘എ’ സര്‍ട്ടിഫിക്കറ്റ്; നഗ്‌നതാരംഗം ഒഴിവാക്കാതെ തന്നെ ‘കഥകളി’ക്ക് പ്രദര്‍ശനാനുമതി

വെള്ളി, 5 ഓഗസ്റ്റ് 2016 (09:08 IST)
നഗ്‌നതാപ്രദര്‍ശനം ഉണ്ടെന്ന കാരണത്താല്‍ അനുമതി നിഷേധിച്ച് കഥകളി സിനിമയ്ക്ക് ഒടുവില്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്കി. എന്നാല്‍, ‘എ’ സര്‍ട്ടിഫിക്കറ്റോടു കൂടി ആയിരിക്കും ചിത്രം പ്രദര്‍ശനത്തിന് എത്തുക.
 
സിനിമയിലെ വിവാദമായ അവസാനഭാഗം ഒഴിവാക്കിയിട്ടില്ല. പകരം, എ സര്‍ട്ടിഫിക്കറ്റ് ചിത്രത്തിന് നല്കിയാണ് പ്രദര്‍ശനാനുമതി നല്കിയത്. സിനിമയിലെ നായകന്‍ ബിനോയ് നമ്പാല 'കഥകളി' വസ്ത്രങ്ങള്‍ പുഴക്കരയില്‍ അഴിച്ചുവെച്ച് നഗ്‌നനായി പുഴയിലേക്ക് ഇറങ്ങിപ്പോകുന്നതാണ് അവസാനരംഗം. ഇതാണ് സെന്‍സര്‍ ബോര്‍ഡിനെ ചൊടിപ്പിച്ചത്.
 
അതേസമയം, സിനിമയക്ക് പ്രദര്‍ശനാനുമതി നല്കാതെ സെന്‍സര്‍ ബോര്‍ഡ് രാഷ്‌ട്രീയം കളിക്കുകയാണെന്ന് ഫെഫ്ക നേരത്തെ ആരോപിച്ചിരുന്നു. സിനിമക്ക് കലാമൂല്യമുണ്ടെന്ന് വിലയിരുത്തിയിട്ടും നഗ്നതയുണ്ടെന്ന പേരില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നെന്ന് സിനിമാ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.
 
അംഗപരിമിതനായ സൈജോ കണ്ണാനിക്കലാണ് സിനിമ സംവിധാനം ചെയ്തത്.

വെബ്ദുനിയ വായിക്കുക