കടകംപള്ളി ഭൂമി തട്ടിപ്പ് കേസ്; സലീം രാജിനെ ഒഴിവാക്കിയതില്‍ ദുരൂഹത

ചൊവ്വ, 16 ഓഗസ്റ്റ് 2016 (11:29 IST)
കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ നിന്ന് സലിം രാജിനെ ഒഴിവാക്കിയതില്‍ ദുരൂഹത ഏറുന്നു. ക്രിമിനല്‍ ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ സലീം രാജിനു മേല്‍ ചുമത്തുമെന്ന് ഡിജിപിക്കും ആഭ്യന്തര വകുപ്പിനും നല്‍കിയ കത്തില്‍ സിബിഐ പറഞ്ഞിരുന്നു, ഇതിന് ശേഷമാണ് കുറ്റപത്രത്തില്‍ നിന്ന് സലിം രാജിനെ ഒഴിവാക്കാല്‍ തീരുമാനിച്ചത്. 
 
അന്വേഷണം പൂര്‍ത്തിയാക്കി തിരുവനന്തപുരം സിബിഐ കോടതിയില്‍ നല്‍കിയ ആദ്യ കുറ്റപത്രത്തില്‍ സലിംരാജിന്റെ പേര് ഉണ്ടായിരുന്നില്ല. ഈ കുറ്റപത്രം കോടതി മടക്കിയതിനെ തുടര്‍ന്ന് സിബിഐ രണ്ടാമത് നല്‍കിയ കുറ്റപത്രത്തിലും സലീം രാജിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ വിവിധ വകുപ്പുകള്‍ പ്രകാരം സലീം രാജിനു മേല്‍ കുറ്റം ചുമത്താന്‍ തീരുമാനിച്ചതായി സിബിഐ ആഭ്യന്തര വകുപ്പിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. 
 
ക്രിമിനല്‍ ഗൂഢാലോചന ഐപിസി 120(b ), വ്യാജ രേഖ ചമയ്ക്കലും അത് ഉപയോഗിച്ച് തട്ടിപ്പ് നടത്തലും ഐപിസി 465,468,471, ഭീഷണിപ്പെടുത്തല്‍ ഐപിസി 506, വഞ്ചന ഐപിസി 420 എന്നിവ കൂടാതെ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തുമെന്ന് സിബിഐ കത്തില്‍ പറഞ്ഞു. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ ഡിജിപി ആഭ്യന്തര സെക്രട്ടറിയ്ക്ക് അയച്ച കത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 
 
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിം രാജിനു മേല്‍ കുറ്റം ചുമത്താന്‍ അന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ സിബിഐ തീരുമാനിച്ചിരുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഇത്രയും ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തേണ്ടയാള്‍ എങ്ങനെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവായെന്നത് ദുരൂഹമാണ്. 

വെബ്ദുനിയ വായിക്കുക