മലപ്പുറം: മുസ്‌ലീം ലീഗ് ക്യാംപിനെ ഞെട്ടിയ്ക്കുന്ന വിധം മലപ്പുറത്ത് ഇടതുപക്ഷത്തിന് അപ്രതീക്ഷിത സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്ന് മന്ത്രി കെടി ജലീൽ. നല്ല സ്ഥാനാർത്ഥികൾ എത്തുന്നതോടെ മലപ്പുറത്ത് കൂടുതൽ മണ്ഡലങ്ങൾ പിടിയ്ക്കാനാകും എന്നും പാർട്ടി ആവശ്യപ്പെട്ടാൽ താനനടക്കമുള്ള ജില്ലയിലെ ഇടത് എംഎൽഎമാർ വീണ്ടും മത്സരിയ്ക്കും എന്നും കെടി ജലീൽ പറഞ്ഞു. കോൺഗ്രസ് ലീഗ് ക്യാംപുകൾ വിട്ടുവന്നവരെ സ്ഥാനാർത്ഥികളാക്കിയാണ് കഴിഞ്ഞ കാലങ്ങളിൽ ഇടതുപക്ഷം മലപ്പുറത്ത് മുന്നേറ്റമുണ്ടാക്കിയത്. സമാനമായ രീതിയിൽ ഇക്കുറിയും ലീഗിനെ അമ്പരപ്പിച്ചുകൊണ്ട് പൊതു സ്വീകാര്യതയുള്ള സ്ഥാനാർത്ഥികൾ ഉണ്ടാകും. മലപ്പുറത്ത് ഇടതുപക്ഷം ജയിച്ച തവനൂർ, താനൂർ, പൊന്നാനി മണ്ഡലങ്ങൾ സുരക്ഷിതാമാണ്. ഞാൻ മത്സരിയ്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സിപിഎമ്മാണ്. എന്നാൽ അധ്യാപനത്തിലേയ്ക്ക് മടങ്ങിപ്പോകണം എന്ന ആഗ്രഹം സിപിഎം നേതാക്കളെ അറിയിച്ചിട്ടുണ്ട് എന്നും കെടി ജലീൽ പറഞ്ഞു.