ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ല എന്നത് തള്ള് മാത്രം: ശ്രീറാം വെങ്കട്ടരാമനെ മാറ്റിയതിനെതിരെ കെ സുരേന്ദ്രൻ

ചൊവ്വ, 2 ഓഗസ്റ്റ് 2022 (14:19 IST)
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റിയ സർക്കാർ തീരുമാനത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു വിഭാഗം ആളുകളുടെ സമ്മർദ്ദത്തിന് വഴങ്ങി തീരുമാനം പിൻവലിച്ച സർക്കാർ നടപടി ഭീരുത്വമാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. സംഘടിത ശക്തികൾക്ക് മുന്നിൽ മുട്ടുമടക്കിയ സർക്കാർ നൽകുന്നത് തെറ്റായ സന്ദേശമാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സുരേന്ദ്രൻ്റെ പ്രതികരണം.
 
സുരേന്ദ്രൻ്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം
 
മാധ്യമപ്രവർത്തകനായിരുന്ന ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ്സിൽ ശ്രീരാം വെങ്കിട്ടരാമനെതിരെ കോടതി ഏതു ശിക്ഷ വിധിച്ചാലും കേരളത്തിൽ ആരും അതിനെതിരെ രംഗത്തുവരുമെന്ന് തോന്നുന്നില്ല.  അദ്ദേഹത്തെ കളക്ടർ ആയി നിയമിക്കേണ്ടിയിരുന്നോ എന്നകാര്യത്തിലും തർക്കമുന്നയിക്കാൻ നമ്മുടെ നാട്ടിൽ അവകാശമുണ്ട്.

എന്നാൽ അദ്ദേഹത്തിനെ കളക്ടറായി നിയമിച്ച ശേഷം ഒരു വിഭാഗം ആളുകളുടെ സമ്മർദ്ദത്തിനു വഴങ്ങി തീരുമാനം പിൻവലിച്ച നടപടി തികഞ്ഞ ഭീരുത്വമായിപ്പോയി. സംഘടിത ശക്തികൾക്കുമുന്നിൽ സർക്കാർ മുട്ടുമടക്കിയത് തെറ്റായ സന്ദേശം തന്നെയാണ് നൽകുന്നത്. സർവ്വീസിൽ തിരിച്ചെടുത്തയാളെ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് പറയുന്നത് നീതീകരിക്കാനാവില്ല. ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലെന്നൊക്കെ പറയുന്നത് വെറും തള്ളുമാത്രമായിപ്പോകുന്നു. നട്ടെല്ലിന് ഉറപ്പില്ലാത്തവർ ഇത്തരം തീരുമാനങ്ങൾ എടുക്കാൻ പാടില്ലായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍