തന്റെ കാര്യം തീരുമാനിക്കേണ്ടത് ഡിസിസിയോ സുധാകരനോ അല്ല: പികെ രാഗേഷ്
ചൊവ്വ, 17 നവംബര്‍ 2015 (10:56 IST)
കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ രൂക്ഷഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു വിമതന്‍ പികെ രാഗേഷ് രംഗത്ത്.
സുധാകരന്റെ ഔദാര്യം വാങ്ങി പാര്‍ട്ടി പ്രവര്‍ത്തനം നടത്തേണ്ട ആവശ്യം തനിക്കില്ല. തന്റെ കാര്യം തീരുമാനിക്കേണ്ടത് ഡിസിസി നേതൃത്വമോ സുധാകരനോ അല്ല. ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ മുന്നോട്ട് വച്ച ഉപാധികളില്‍ നിന്ന് പിന്നോട്ടില്ല. തന്നെ പുറത്താക്കിയവരില്‍ വിശ്വാസമില്ല. കെപിസിസിയില്‍ ഇപ്പോഴും വിശ്വാസം ഉണ്ട്. കെപിസിസിയില്‍ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടായാല്‍ താന്‍ നയം വ്യക്തമാക്കാമെന്നും രാഗേഷ് പറഞ്ഞു. രാഗേഷിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കെ.സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് രാഗേഷ് രംഗത്ത് എത്തിയത്.
അതേസമയം, രാഗേഷ് പാര്‍ട്ടിയിലേക്ക് തിരിച്ചുവരണമെന്നും മേയര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. എന്നാല്‍, സ്ഥാനമാനങ്ങള്‍ നല്‍കി ആരെയും ആകര്‍ഷിക്കേണ്ടന്നാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടി അച്ചടക്ക നടപടി എടുത്തവരുടെ കാര്യത്തില്‍ പുനപരിശോധനയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.