ബാബുവിന്റെ രാജി സ്വീകരിക്കില്ല; മാണി തിരിച്ചുവരണമെന്ന് യുഡിഎഫ് യോഗം
ശനി, 30 ജനുവരി 2016 (13:44 IST)
എക്സൈസ്, ഫിഷറീസ്,തുറമുഖ വകുപ്പ് മന്ത്രിസ്ഥാനം രാജിവച്ചുകൊണ്ടുള്ള കെ ബാബുവിന്റെ രാജി കത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിക്കില്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് വിഷയത്തില്‍ തീരുമാനം കൈക്കൊണ്ടത്.
ബാബുവിനെതിരായ ബാര്‍ കോഴക്കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതി വിധി ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്‌ത സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിസഭയില്‍ നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യമില്ല. ബാര്‍ കോഴക്കേസില്‍ കോടതിയുടെ ആരോപണം ഏറ്റുവാങ്ങി മന്ത്രിസഭയില്‍ നിന്ന് മാറി നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ ധനമന്ത്രിയുമായ കെഎം മാണിയും മന്ത്രിസഭയിലേക്ക് തിരിച്ചെത്തണമെന്നും യുഡിഎഫ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരെ സരിത എസ് നായര്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ ആരോണത്തിന് പിന്നില്‍ ഗൂഡോലോചന നടന്നിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കണം. ബാര്‍ മുതലാളിമാരും സി പി എമ്മും സര്‍ക്കാരിനെതിരെ പദ്ധതികള്‍ ആവിഷ്‌കരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും യോഗത്തിന് ശേഷം യുഡിഎഫ് കണ്‍ വീനര്‍ പിപി തങ്കച്ചന്‍ പറഞ്ഞു.
ഇന്നു തന്നെ ബാബുവിന്റെ രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. ഇനിയും ഈ വിഷയം നീട്ടിക്കൊണ്ടുപേകേണ്ടന്ന അഭിപ്രായമാണ് എല്ലാവര്‍ക്കുമുള്ളത്.