തിരുത്തലുമായി മാണി; ബാബുവിന്റെ നന്‍‌മ മാത്രമാണ് ആഗ്രഹിക്കുന്നത്

വ്യാഴം, 12 നവം‌ബര്‍ 2015 (11:26 IST)
താന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നു ബാര്‍ കോഴ ആരോപണത്തെ തുടര്‍ന്നുണ്ടായ ഹൈക്കോടതി പരാമര്‍ശത്തില്‍ രാജി സമര്‍പ്പിച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി. ബാബുവുമായി നല്ല ബന്ധമാണുള്ളത്. അടുത്ത സുഹൃത്തായ ബാബുവിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ല. ബാബുവിന്റെ നന്‍‌മ മാത്രമാണ് എന്നും ആഗ്രഹിക്കുന്നത്. മറിച്ചു പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും മാണി പറഞ്ഞു.

തനിക്കെതിരായ ആരോപണം കേട്ടുകേള്‍വി മാത്രമാണെന്നാണ് മാണി ദേശിയമാധ്യമങ്ങളോടു പറഞ്ഞത്. എന്നിട്ടും തനിക്കെതിരെ കേസ് അന്വേഷണവും മറ്റുമായി മുന്നോട്ടു പോയി. ബാബു നേരിട്ട് അമ്പത് ലക്ഷം രൂപ വാങ്ങിയ കാര്യം ബാര്‍ ഹോട്ടല്‍സ് ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് വെളിപ്പെപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, തനിക്ക് നേരിട്ട് പണം നല്‍കിയതായി ബിജു രമേശ് പറഞ്ഞിട്ടില്ല. ബാര്‍ കോഴ ഇടപാടില്‍ ഗുരുതരമായ ആരോപണം ബാബുവിനെതിരെയാണ് ഉയര്‍ന്നത്. കൂടുതല്‍ പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് മാണി ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നത്.

തനിക്കെതിരെ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മാണി വ്യക്തമാക്കിയിരുന്നു. ഗൂഡാലോചന എന്താണെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും കുറേ നാളുകളായി ഇത് തനിക്കെതിരെ ഉള്ളതാണെന്നും പറഞ്ഞ അദ്ദേഹം തന്റെ രക്തത്തിനായി ആഗ്രഹിക്കുന്ന നിരവധിയാളുകള്‍ ഉണ്ടെന്നും പറഞ്ഞു. ആഗ്രഹിച്ച രീതിയിലുള്ള പിന്തുണ കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് യു ഡി എഫില്‍ നിന്ന് ഇതില്‍ കൂടുതല്‍ പിന്തുണ ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക