മലയാളം സംസാരിച്ചാൽ 100 രൂപ ഫൈൻ, താടി വെച്ചാൽ 200; നെഹ്റു കോളേജിലേത് വിചിത്ര ചട്ടങ്ങൾ

ചൊവ്വ, 10 ജനുവരി 2017 (11:54 IST)
എഞ്ചിനിയറിംഗ് വിദ്യാർത്ഥി ജിഷ്ണു പ്രണോ‌യ്‌യുടെ ആത്മഹത്യയെ സംബന്ധിച്ചുണ്ടായ വിവാദങ്ങളും പ്രക്ഷോഭങ്ങളും പ്രതിഷേധ പ്രകടനങ്ങളും ചൂട് പിടിയ്ക്ക‌വെ ജിഷ്ണു പഠിച്ച പാമ്പാടി നെഹ്റു കോളജിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൂർവ്വ വിദ്യാർത്ഥികളും രംഗത്ത്. 
 
എന്തെങ്കിലും പ്രതിഷേധമുയര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തലും പതിവാണ്. ഇത്തരത്തിൽ പ്രതികരിക്കുന്ന വിദ്യാർത്ഥികളെ കൈകാര്യം ചെയ്യാനായി കോളജിൽ ഒരു ഇടിമുറി ഉണ്ടെന്നും വിദ്യാർഥികൾ പറഞ്ഞിരുന്നു. ഇപ്പോഴിതാ നെഹ്റു കോളജിലെ വിചിത്രമായ ചട്ടങ്ങളുടെ പുതിയ വിവരങ്ങളും പുറത്ത് വന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
 
താടി വെച്ചാൽ ഫൈന്‍ 200 രൂപ, യൂണിഫോം കോഡ് അനുസരിച്ച് പറഞ്ഞിരിക്കുന്ന ചെരുപ്പ് അല്ലാതെ മറ്റൊന്ന് ധരിച്ചാൽ ഫൈന്‍ 100 രൂപ, കളര്‍ ഷൂ ധരിച്ചാൽ ഫൈന്‍ 100 രൂപ, ഹെയര്‍ കട്ട് ഫൈന്‍ 100 രൂപ, ടാഗ് ധരിച്ച് കോളജിൽ എത്തിയില്ലെങ്കിൽ ഫൈന്‍ 500 രൂപ, താമസിച്ചെത്തിയാൽ (ലേറ്റ് ഫൈന്‍) 200 രൂപ, കോമണ്‍ ഫൈന്‍(5000 /ക്ളാസ്) എന്നിങ്ങനെ നീളുന്നു.
 
കൂട്ടുകാരുടെ പിറന്നാൾ പോലും ആഘോഷിക്കാൻ പാടില്ലത്രേ. ബര്ത്ഡേ കേക്ക് മുറിച്ചാല്‍ ഫൈന്‍ 1000, മലയാളം ഭാഷയ്ക്കും വിലക്കാണ്. മലയാളം സംസാരിച്ചാല്‍ ഫൈന്‍ 100, കൂട്ടുകാരിയോട് സംസാരിച്ചാല്‍ ഫൈന്‍100. പാമ്പാടി നെഹ്‌റു കോളേജിലെ ഫൈൻ നിരക്കുകളാണത്രെ ഇത്.
 
ഇതൊക്കെ ഇടിച്ചു പൊളിച്ചു സെൻട്രൽ ജയിലിൽ പോയി കിടന്നാൽ ഇതിനേലും സ്വാതന്ത്രം ആ കുട്ടികൾക്ക് കിട്ടിയേനെ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ജയിൽ മുറികൾക്ക് ഒരുപക്ഷേ ഇതിനേക്കാൾ സ്വാതന്ത്ര്യം ഉണ്ടാകും. സ്വപ്നങ്ങൾ കണ്ട് പറക്കാൻ ആഗ്രഹിക്കുന്നവരുടെ ചിറകുകൾ തല്ലിയൊടിക്കുകയല്ലേ ഇവർ അക്ഷരാർത്ഥത്തിൽ ചെയ്യുന്നത്?.
 

വെബ്ദുനിയ വായിക്കുക