മാനേജ്മെന്റിന്റേത് കുറ്റസമ്മതം; ലക്ഷ്യം നീതിയാണ്, അധ്യാപകരെ പുറത്താക്കുന്നത് വരെ സമരം തുടരുമെന്ന് നെഹ്റു കോ‌‌ളേജ് വിദ്യാർത്ഥികൾ

വെള്ളി, 13 ജനുവരി 2017 (09:51 IST)
ജിഷ്ണു പ്രണോ‌യ്‌യുടെ മരണത്തിന് കാരണക്കാരായ അധ്യാപകരെ കോളേജിൽ നിന്നും പുറത്താക്കുന്നത് വരെ സമരം തുടരുമെന്ന് പാമ്പാടി നെഹ്റു കോളേജ് വിദ്യാർത്ഥികൾ വ്യക്തമാക്കി. അധ്യാപകർക്കെതിരെ ഇപ്പോൾ മാനേജ്മെന്റ് സ്വീകരിച്ച നടപടി കണ്ണിൽ പൊടിയിടുന്നതാണ്. കുറ്റസമ്മതം നടത്തിയിരിക്കുകയാണ് അവർ. എങ്കിലും അധ്യാപകരെ പുറത്താക്കുന്നതുവരെ സമരം ചെയ്യുമെന്ന് വിദ്യാർത്ഥികൾ പറയുന്നു.
 
ജിഷ്ണുവിന്റെ മരണത്തിൽ ആരോപണവിധേയരായ മൂന്ന് അധ്യാപകരെ മാനേജ്മെന്റ് ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. വൈസ് പ്രിൻസിപ്പാൽ എൻ കെ ശക്തിവേൽ, അധ്യാപകൻ പ്രവീൺ, പി ആർ ഒ സഞ്ജയ് വിശ്വനാഥൻ എന്നിവർക്കെതിരെയാണ് മാനെജ്മെന്റിന്റെ നടപടി. ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് നടപടി സ്വീകരിച്ചത്.
 
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്കിടെ കോപ്പിയടിച്ചു എന്നാരോപിച്ച് വിഷ്ണുവിനെ പരിഹസിച്ചയാളാണ് പ്രവീൺ എന്ന് വിദ്യാർത്ഥികൾ പറയുന്നു. ജിഷ്ണുവിനെ ഓഫീസില്‍ കൊണ്ടുപോയ അധ്യാപകന്‍ ഡീ ബാര്‍ നടപടികള്‍ ആരംഭിച്ചിരുന്നതായും ആരോപണമുണ്ട്. സംഭവത്തിന് ശേഷം ഹോസ്റ്റല്‍ മുറിയിലെത്തിയ ജിഷ്ണു കൈ ഞെരമ്പ് മുറിച്ച ശേഷമാണ് തൂങ്ങിമരിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ജിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാനായി ഹോസ്റ്റലില്‍ താമസിക്കുന്ന അതേ അധ്യാപകനെ തന്നെ വിളിച്ചെങ്കിലും താന്‍ വരില്ലെന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ കട്ട് ചെയ്തതായും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയിരുന്നു.
 
അതേസമയം സംഭവത്തെക്കുറിച്ചുള്ള സാങ്കേതിക സർവകലാശാലയുടെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് വൈകും. മാനേജ്മെന്റ് നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിനെ തുടർന്നാണ് ആരോപണവിധേയരെ സസ്പെൻഡ് ചെയ്യുന്നതെന്നാണ് കോളജ് അറിയിച്ചത്. ഇതിൽനിന്നു തന്നെ ഇവരുടെ പീഡനമാണ് ജിഷ്ണു ജീവനൊടുക്കാൻ കാരണമെന്നു വ്യക്തമാകുന്നതായും വിദ്യാർഥികൾ പറയുന്നു. ആ സാഹചര്യത്തിൽ ഇവരെ സ്ഥിരമായി പുറത്താക്കുകയും നിയമപരമായ നടപടി സ്വീകരിക്കുകയും ചെയ്യുംവരെ പ്രതിഷേധം തുടരാനാണ് തീരുമാനം. 

വെബ്ദുനിയ വായിക്കുക