നാട്ടിൽ പോകണമെന്ന് കോടതിയില്‍ അമീറുല്‍; പ്രതിയെ ഈ മാസം 30 വരെ കസ്‌റ്റഡിയില്‍ വിട്ടു, സഹോദരൻ ബദറുലും പിടിയിൽ

ചൊവ്വ, 21 ജൂണ്‍ 2016 (13:16 IST)
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥി ജിഷാ കൊലക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിനെ പൊലീസ് കസ്റ്റ്ഡിയില്‍ വിട്ടു. ഈ മാസം 30 വരെയാണ് പ്രതിയെ കസ്‌റ്റഡിയില്‍ വിട്ടത്. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് വി മഞ്ജുവാണ് പ്രതിയെ കസ്‌റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവായത്.

വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അമീറുലിനെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകിയിരുന്നു. ഹാജരാക്കിയപ്പോൾ, എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി അമീറിനോട് ചോദിച്ചു. തനിക്ക് നാട്ടിൽ പോകണമെന്നായിരുന്നു മറുപടി. തുടര്‍ന്ന് പ്രതിയെ പൊലീസ് കസ്‌റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവാകുകയായിരുന്നു.

അതിനിടെ, പ്രതിയുടെ ദൃശ്യങ്ങൾ പുറത്തുവരാതിരിക്കാൻ പൊലീസ് അപേക്ഷ സമർപ്പിച്ചു. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതോടെ തെളിവെടുപ്പ് പുനരാരംഭിക്കും. മുഖം മറച്ചായിരിക്കും തെളിവെടുപ്പ്.

പതിനൊന്നു മണിയോടെ പ്രതിയെ കനത്ത സുരക്ഷയില്‍ കാക്കനാട് ജില്ലാ ജയിലില്‍ നിന്നു കോടതിയില്‍ എത്തിക്കുകയായിരുന്നു. കറുത്ത തുണികൊണ്ട് തലമറച്ചാണ് പ്രതിയെ കോടതിയിലെത്തിച്ചത്. പന്ത്രണ്ട് ഓടെ എത്തിയെങ്കിലും ഏറെ നേരം കഴിഞ്ഞ് നടപടികളാരംഭിച്ചശേഷമാണ് പ്രതിയെ കോടതിമുറിയിലെത്തിച്ചത്.

കേസ് അന്വേഷണത്തിന്റെ ഭാഗമായി അമീറിന്റെ സഹോദരൻ ബദറുൽ ഇസ്‍ലാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരിൽനിന്നാണ് ഇയാളെ പിടികൂടിയത്.

വെബ്ദുനിയ വായിക്കുക