തടവുകാര്‍ക്ക് ഓണം ‘ആഘോഷിക്കാൻ’ വിദേശമദ്യം, പോത്തിറച്ചി, ബീഡി; ഡപ്യൂട്ടി പ്രിസൺ ഓഫിസർ അറസ്റ്റില്‍

തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2016 (09:55 IST)
ജയിലിലെ ജീവനക്കാരുടെ ബാരക്കിൽനിന്നു മദ്യശേഖരവും ബീഡിക്കെട്ടുകളുമായി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. വിയ്യൂർ സെൻട്രൽ ജയിലിലെ ഡപ്യൂട്ടി പ്രിസൺ ഓഫിസർ സന്തോഷിനെയാണ് ജയില്‍ സുപ്രണ്ട് അറസ്റ്റ് ചെയ്തത്. സൂപ്രണ്ടിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ജയിലിനുള്ളിലേക്കു കടത്താനായി സന്തോഷ് സൂക്ഷിച്ച 19 കുപ്പി വിദേശമദ്യം, 20 പൊതി ബീഡി, മ‌ൂന്നു പായ്ക്കറ്റ് പോത്തിറച്ചി, അഞ്ചു മൊബൈൽ ഫോൺ ബാറ്ററികൾ, ഒരു സ്മാർട് ഫോൺ എന്നിവ കണ്ടെത്തിയത്. 
 
ജയിലിനുള്ളിൽ കഴിയുന്ന തടവുകാർക്ക് ഓണം ‘ആഘോഷിക്കാൻ’ വേണ്ടിയാണ് മദ്യക്കുപ്പികളും ബീഡിക്കെട്ടുകളും കൊണ്ടുവന്നതെന്ന് അറസ്റ്റിലായ പ്രിസൺ ഓഫിസർ പൊലീസിനോടു പറഞ്ഞു. നിരോധിത വസ്തുക്കൾ വിയ്യൂർ ജയിലിനുള്ളിലേക്കു കടത്തുന്നതിനായുള്ള റാക്കറ്റിലെ മുഖ്യകണ്ണികളിലൊരാൾ എന്നു കരുതപ്പെടുന്ന ജീവനക്കാരനാണ് ഇയാളെന്ന് അധികൃതര്‍ വ്യക്തമാക്കി. ജയിലിനോടു ചേർന്നു ജീവനക്കാർ താമസിക്കുന്ന ബാരക്കിൽ സ്വന്തം കട്ടിലിനടിയിലായിരുന്നു സന്തോഷ് മദ്യശേഖരവും മറ്റും സൂക്ഷിച്ചിരുന്നത്. 

വെബ്ദുനിയ വായിക്കുക