ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട പരാമര്‍ശം; ജേക്കബ് തോമസിന് കാരണം കാണിക്കല്‍ നോട്ടീസ്

തിങ്കള്‍, 2 നവം‌ബര്‍ 2015 (17:08 IST)
ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിനെതിരെ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ജേക്കബ് തോമസിന് വീണ്ടും നോട്ടീസ്. ബാര്‍കോഴ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടു കൊണ്ടുള്ള വിജിലന്‍സ് കോടതി ഉത്തരവിനെക്കുറിച്ച് അഭിപ്രായം ആരാഞ്ഞപ്പോള്‍ സത്യം വിജയിച്ചുവെന്ന് ആയിരുന്നു ജേക്കബ് തോമസിന്റെ മറുപടി.
 
സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ പ്രസ്താവനയാണ് ഇതെന്നാണ് ജേക്കബ് തോമസിന് അയച്ചിരിക്കുന്ന കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നത്. ചീഫ് സെക്രട്ടറിയാണ് സര്‍ക്കാരിനു വേണ്ടി നോട്ടീസ് അയച്ചിരിക്കുന്നത്. 
 
ബാര്‍ കോഴക്കേസിന്റെ ആരംഭഘട്ടത്തില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു ജേക്കബ് തോമസ്. പ്രഥമദൃഷ്ട്യാ അഴിമതി കണ്ടിരുന്നത് കൊണ്ടാണ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത് എന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.
 
തുടരന്വേഷണത്തിന് ഉത്തരവിട്ടു കൊണ്ടുള്ള കോടതിവിധി വളരെ നല്ല വിധിയാണെന്നും അദ്ദേഹം  അഭിപ്രായപ്പെട്ടിരുന്നു. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ആദ്യം നല്കിയ കാരണം കാണിക്കല്‍ നോട്ടീസ് അദ്ദേഹം കൈപ്പറ്റിയിരുന്നില്ല.
 
അന്വേഷണത്തിന്റെ പാതിവഴിയില്‍ സര്‍ക്കാര്‍ ജേക്കബ് തോമസിനെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

വെബ്ദുനിയ വായിക്കുക