ജേക്കബ് തോമസിന്റെ സ്ഥാനമൊഴിയൽ തീരുമാനത്തിൽ ദുരൂഹതയുണ്ടെന്ന് ചെന്നിത്തല

ബുധന്‍, 19 ഒക്‌ടോബര്‍ 2016 (11:49 IST)
ഒരു തസ്തികയിലും ആറു മാസം തികയ്ക്കാത്തയാളാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസെന്ന് പ്രതിപക്ഷം. കൊടുങ്കാറ്റില്‍ ഉലയില്ലെന്നു പറഞ്ഞ തത്ത മന്ദമാരുതനില്‍ ഇളകിപ്പോയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും താൻ ഒഴിയുകയാണെന്ന ജേക്കബ് തോമസിന്റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
 
ജേക്കബ് തോമസിന്‍റെ പിന്‍മാറ്റം ദുരൂഹമാണെന്നും പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മർദ്ദമുണ്ടോ എന്ന് ചെന്നിത്തല ചോദിച്ചു. ഇന്നു രാവിലെ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ജേക്കബ് തോമസ് പറഞ്ഞത്. ഓരോ ദിവസവും പുതിയ ആകാശവും പുതിയ ഭൂമിയുമാണ്. സ്ഥാനമൊഴിയുമോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, ഇന്നത്തെ സത്യം ഇന്നലത്തേതാകണം എന്നില്ലെന്നായിരുന്നു ജേക്കബ് തോമസിന്റെ മറുപടി.
 
അതേസമയം, ജേക്കബ് തോമസിനെ ഒഴിവാക്കേണ്ടെന്ന നിലപാടുമായി സി പി എം രംഗത്തെത്തി. വിജിലന്‍സ് ഡയറക്‌ടറായി ജേക്കബ് തോമസ് തുടരണം എന്ന നിലപാടാണ് ഭരണപക്ഷ പാര്‍ട്ടിയുടേത്.

വെബ്ദുനിയ വായിക്കുക