ഐഎസ്ആര്‍ഒ ചാരക്കേസില്‍ തന്നെ ബലിയാടാക്കിയെന്ന് സിബി മാത്യൂസ്

ചൊവ്വ, 18 നവം‌ബര്‍ 2014 (10:46 IST)
ഐഎസ്ആര്‍ഒ ചാരക്കേസില്‍ തന്നെ ബലിയാടാക്കിയെന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനും ഇന്റലിജന്‍സ് എഡിജിപിയുമായ സിബി മാത്യൂസ്. പല കേസുകളിലും ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍ ബലിയാടായ സംഭവങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 
ചാരക്കേസിലെ ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാരാണ് അപ്പീല്‍ പോകേണ്ടത്. അത് വൈകുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. രാഷ്ട്രീയമായ കാരണങ്ങള്‍ കൊണ്ടാവാം അപ്പീല്‍ നല്‍കാന്‍ വൈകുന്നതെന്നും സിബി മാത്യൂസ് പറഞ്ഞു. സര്‍ക്കാര്‍ അപ്പീല്‍ പോയില്ലെങ്കില്‍ താന്‍ സ്വന്തം നിലയില്‍ അപ്പീല്‍ നല്‍കും. ഈ മാസം 30നകം അപ്പീല്‍ നല്‍കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 
സര്‍ക്കാര്‍ കൈക്കൊണ്ട ഒരു തീരുമാനമാണ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പട്ടത് അതിനാല്‍ തന്നെ അതിനെതിരെ അപ്പീല്‍ പോകേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. താന്‍ അപ്പീല്‍ നല്‍കുന്പോള്‍ സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കുമെന്നും സിബി മാത്യൂസ് പറഞ്ഞു.
 
ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കുന്ന കാര്യത്തില്‍ മൂന്നു മാസത്തിനുള്ളില്‍ നിലപാട് അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക