കോഴിക്കോട് നിന്നും ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷനായ മുഹമ്മദ് മര്‍വാന്റെ സന്ദേശം കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ടെലിഗ്രാം ആപ്പ് വഴി അയച്ച സന്ദേശത്തില്‍ തന്നെ ആളുകള്‍ തീവ്രവാദിയെന്നാണ് വിളിക്കുന്നതെന്നും അള്ളാഹുവിന്റെ പാതയില്‍ പോരാടുന്നത് തീവ്രവാദമാണെങ്കില്‍ താനും തീവ്രവാദിയാണെന്ന് മര്‍വാന്‍ പറഞ്ഞു.
കഴിഞ്ഞ ജൂണ്‍ അവസാനമാണ് ഇയാള്‍ സന്ദേശം അയച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പശ്ചിമ ഏഷ്യയില്‍ മുസ്ലിംങ്ങള്‍ക്കായി ഐഎസില്‍ ചേര്‍ന്ന് പോരാട്ടം പൂര്‍ത്തിയാക്കി കശ്മീര്‍, ഗുജറാത്ത്, മുസാഫിര്‍ നഗര്‍ എന്നിവിടങ്ങിലെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന മുസ്ലിങ്ങളെ സഹായിക്കാന്‍ തിരിച്ചെത്തുമെന്നും സന്ദേശത്തില്‍ പറയുന്നു. താന്‍ ഐഎസ് നിയന്ത്രിത മേഖലയിലാണെന്ന് മര്‍വാന്‍ പറഞ്ഞിട്ടുണ്ടെങ്കിലും രഹസ്യാന്വേഷണ വിഭാഗം ഇത് സ്ഥിരീകരിച്ചിട്ടില്ല.
ഐഎസ് നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിലെ അവസ്ഥ ഭീകരമാണെന്നു മര്‍വാന്‍ സന്ദേശത്തില്‍ പറയുന്നു. നിങ്ങള്‍ക്ക് ജീവിക്കാന്‍ ആഡംബര വീടും കാറും ഫ്രിഡ്ജും എല്ലാം ഉണ്ട്. എന്നാല്‍, ഇവിടുള്ളവര്‍ക്ക് കറണ്ട് പോലും ഇല്ല. എല്ലാം ഇസ്ലാമിന്റെ ശത്രുക്കള്‍ ഇല്ലാതാക്കി. എന്നാല്‍ കൂടെ അള്ളാഹു ഉണ്ടെന്ന വിശ്വാസം ഇവരുടെ കൂടെ ഉണ്ടെന്ന് മര്‍വാന്‍ പറയുന്നു. സമുദായം ആക്രമിക്കപ്പെടുമ്പോള്‍ ഞാന്‍ എന്തു ചെയ്യുകയായിരുന്നെന്നു അള്ളാഹ് എന്നോടു ചോദിക്കും. സമുദായം മുഴുവന്‍ ഒറ്റ ശരീരം പോലെയാണെന്ന് പ്രവാചകന്‍ നമ്മെ പഠിപ്പിച്ചിട്ടില്ലേ. സമുദായത്തിന്റെ സംരക്ഷണത്തിനു വേണ്ടിയുള്ള പോരാട്ടം മതപരമായ തന്റെ ഉത്തരവാദിത്തമാണെന്നും മര്‍വാന്‍ പറയുന്നു.
തന്നെ ആരുംനിര്‍ബന്ധിച്ചിട്ടല്ല താന്‍ ഐഎസില്‍ ചേര്‍ന്നത്. ഇസ്ലാമിക് സ്റ്റേറ്റിലെ വളര്‍ച്ച മനസ്സിലാക്കിയാണ് താന്‍ ഐഎസില്‍ ചേര്‍ന്നതെന്നും മര്‍വാന്റെ സന്ദേശത്തിലുണ്ട്. പോരാട്ടത്തിനിടയില്‍ താന്‍ കൊല്ലപ്പെടുകയാണെങ്കില്‍ ഇസ്ലാമിനു വേണ്ടി മൃതിയടഞ്ഞ രക്തസാക്ഷിയായി തന്നെ കണക്കാക്കും. സമുദായത്തിന് വേണ്ടി രക്തസാക്ഷിയാകുന്ന ഒരാള്‍ക്ക് സ്വര്‍ഗലോകത്ത് കുടുംബത്തില്‍ നിന്നുള്ള 70 പേരെ സ്വര്‍ഗത്തിലേക്ക് ശുപാര്‍ശ ചെയ്യാന്‍ സാധിക്കുമെന്നും മര്‍വാന്‍ പറയുന്നു. ഇപ്പോള്‍ ഇവിടെ 24 മണിക്കൂറു യുദ്ധമാണെന്നും പോരാട്ടത്തിന് ശേഷം ഒരിക്കല്‍ തനിക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്നും മര്‍വാന്‍ സന്ദേശത്തില്‍ പറയുന്നു.