ഇന്റര്‍നെറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനെ തുടര്‍ന്ന് ഈ മാസം മുപ്പത്തിയൊന്നിന് ഇന്റര്‍നെറ്റ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം. ഇന്റര്‍നെറ്റ് റീടെയിലേഴ്‌സ് അസോസിയേഷന്റെ ഓഫ് കേരളയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.
ഇന്റര്‍നെറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനെ തുടര്‍ന്ന് അടുത്തിടെയാണ് ഫേസ്ബുക്ക് വാട്‌സ്ആപ്പ് എന്നീ സോഷ്യല്‍ നെറ്റ് വര്‍ക്ക് വഴി വാര്‍ത്തകള്‍ പരന്നത്. വര്‍ധിപ്പിച്ച ഇന്റര്‍നെറ്റ് നിരക്കുകള്‍ പിന്‍വലിയ്ക്കണമെന്നും മൊബൈല്‍ ഫോണ്‍ റീടെയിലേഴ്‌സ് ജീവനക്കാരുടെ കമ്മീഷന്‍ വര്‍ധിപ്പിക്കണമെന്നുമാണ് പുതിയ തലമുറയുടെ നേതൃത്വത്തില്‍ ഇന്റര്‍നെറ്റ് സമരത്തിലൂടെ ആവശ്യപ്പെടുന്നത്. സമരം വിജയിച്ചാല്‍ കോടികളുടെ നഷ്‌ടമാണ് കമ്പനികള്‍ക്ക് ഉണ്ടാവുന്നത്. സമരം വിജയിപ്പിക്കുന്നതിനായി ഇന്റര്‍നെറ്റ് ഉപയോഗിക്കാതിരിക്കുന്നതിനൊപ്പം നെറ്റ് റീചാര്‍ജുകള്‍ ചെയ്യാതിരിക്കണമെന്നും ആഹ്വാനം ഉണ്ട്.
ഈ മാസം ആറിനാണ് ഇന്റര്‍നെറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടുന്നതായി വാര്‍ത്ത വന്നത്. അവസാനമായി നിരക്ക് കൂട്ടിയ എയര്‍ടെല്‍ 33 ശതമാനം വര്‍ധനവാണ് വരുത്തിയത്. വൊഡഫോണ്‍ ഒരു ജിബി വരെയുളള ഉപയോഗത്തിന് 155 രൂപയില്‍ നിന്നും 175 രൂപയാക്കിയാണ് നിരക്ക് കൂട്ടിയിരിക്കുന്നത്. എയര്‍ടെലും, ഐഡിയയും സമാനമായ നിരക്കാണ് ഇപ്പോള്‍ ഈടാക്കുന്നത്. വൊഡഫോണും, ഐഡിയയും റാക്ക് നിരക്കില്‍ 100 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. 10 കെബി വരെയുളള ഡാറ്റയ്ക്ക് 2 പൈസ ഈടാക്കിയിരുന്ന സ്ഥാനത്ത് 4 പൈസയാണ് വര്‍ധന. എയര്‍ടെലും നാലുപൈസയാക്കിയെങ്കിലും, വര്‍ധന 33 ശതമാനമാണ്. എയര്‍ടെല്‍ ഇതിനോടകം തന്നെ 10 കെബി വരെയുളള ഡാറ്റയ്ക്ക് 3 പൈസയാണ് ഈടാക്കുന്നത്. ഈ കാരണങ്ങളിലാണ് യുവ തലമുറയുടെ നേതൃത്വത്തില്‍ ഈ മാസം മുപ്പത്തിയൊന്നിന് ഇന്റര്‍നെറ്റ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്‍കിയിരിക്കുന്നത്.