ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പട്ടികവർഗ കുടുംബങ്ങൾക്ക് വീടുവയ്ക്കാന്‍ സൌജന്യമായി തടി അനുവദിച്ചു
ബുധന്‍, 3 ജൂണ്‍ 2015 (18:50 IST)
ദാരിദ്ര്യരേഖയ്ക്ക് താഴെ വരുമാനമുള്ള പട്ടികവർഗ കുടുംബങ്ങൾക്ക് ഭവനനിർമ്മാണത്തിന് സൗജന്യമായി തടി അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ധനസഹായം ലഭിക്കുന്ന പട്ടികവർഗക്കാർക്ക് വനാവകാശ നിയമം അനുസരിച്ച് ലഭ്യമായതോ അല്ലാതെയുള്ളതോ ആയ കൈവശഭൂമിയിൽ അവർ നട്ടുപിടിപ്പിച്ച പ്ലാവ്, ആഞ്ഞിലി, മരുത്, ചടച്ചി, ഇരുൾ എന്നീ വൃക്ഷങ്ങളിൽ നിന്നും 1.5 ക്യുബിക് മീറ്റർ തടി ബന്ധപ്പെട്ട വനംവകുപ്പ് റേഞ്ച് ഓഫീസറുടെ അനുമതിയോടെ മുറിച്ചെടുത്ത് വീടുപണിക്ക് ഉപയോഗിക്കാനും അനുമതി നൽകി.
പട്ടികവർഗ്ഗക്കാർക്ക് ഭവനനിർമാണത്തിന് ധനസഹായം അനുവദിക്കുന്ന എല്ലാ സർക്കാർ പദ്ധതികളെയും ഉൾപ്പെടുത്തി 2010 നവംബർ ആറിന് ഇറക്കിയ സർക്കാർ ഉത്തരവിൽ ഭേദഗതി വരുത്തിയാവും പുതിയ തീരുമാനം. പ്രവാസികൾക്ക് തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വോട്ടവകാശം ഒരുക്കുന്നത് സംബന്ധിച്ചും ഗെയ്ൽ പാചക വാതക പൈപ്പ്‌ലൈൻ സംസ്ഥാനത്ത് സ്ഥാപിക്കുന്നത് സംബന്ധിച്ചും സർവ്വകക്ഷി യോഗം വിളിച്ചുചേർക്കാനും മന്ത്രിസഭ തീരുമാനിച്ചു. വരുന്ന നിയമസഭാ സമ്മേളന വേളയിലാകും യോഗം.
പ്രവാസി വോട്ടവകാശം സംബന്ധിച്ച് പഞ്ചായത്തിരാജ്- മുനിസിപ്പൽ നിയമത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ അഭിപ്രായ ഐക്യം ഉണ്ടാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടതിനാലാണ് സർവ്വകക്ഷിയോഗം ചേരുന്നത്. ഗെയ്ൽ പാചകവാതക പൈപ്പ്ലൈൻ സ്ഥാപിക്കുന്നത് വൈകുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പ്രധാനമന്ത്രി എപ്പോൾ കണ്ടാലും സംസ്ഥാനത്തെ കുറ്റപ്പെടുത്തുന്നത് ഇക്കാര്യം പറഞ്ഞാണ്. മംഗലാപുരത്തെ പല വ്യവസായ യൂണിറ്റുകളും ലൈൻ ലഭ്യമല്ലാത്തത് കാരണം സാമ്പത്തികപ്രതിസന്ധിയിലായെന്നും മുഖ്യമന്ത്രി പറഞ്ഞു.