അനധികൃത പടക്കനിര്‍മ്മാണ ശാലകളില്‍ റെയ്‌ഡ് നടത്തുമെന്ന് ആഭ്യന്തരമന്ത്രി

ചൊവ്വ, 12 ഏപ്രില്‍ 2016 (14:55 IST)
അനധികൃത പടക്കനിര്‍മ്മാണ ശാലകളില്‍ റെയ്‌ഡ് നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വെടിക്കെട്ട് സമ്പൂര്‍ണമായി നിരോധിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് നിയന്ത്രിക്കുന്ന കാര്യം വ്യാഴാഴ്ച ചേരുന്ന സര്‍വ്വകക്ഷിയോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
 
വിഷുവടക്കമുള്ള ഉത്സവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത പടക്കനിര്‍മ്മാണ ശാലകളില്‍ റെയ്‌ഡ് നടത്തും. നിലവില്‍ ഇത്തരത്തിലുള്ള പടക്കശേഖരം കണ്ടെത്തിയിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
പൊലീസിന് നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തിലാണ് വെടിക്കെട്ടുകള്‍ നടക്കുന്നത്. വീര്യം കൂടിയ കരിമരുന്ന് ഉപയോഗിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കുമെന്നും പരവൂരിലെ സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കാന്‍ നടപടി തുടങ്ങിയെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. അപകടത്തില്‍പ്പെട്ടവര്‍ക്ക് എല്ലാ സഹായവും നല്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക