നാല് ദിവസം വരെ ശക്തമായി മഴ തുടർന്നേക്കും; ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (07:55 IST)
വീണ്ടും മഴ കനക്കുന്നതോട് കൂടെ സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ അഞ്ചുദിവസം കൂടി ഒറ്റപ്പെട്ട കനത്തമഴ പെയ്യുമെന്നാണ് കാലാവസ്ഥാവകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ഒഡിഷയ്ക്കടുത്തുള്ള ന്യൂനമർദമാണ് കാലവർഷം വീണ്ടും സജീവമാകാൻ കാരണം. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദേശം നിലവിലുള്ളത്.
 
തുടർച്ചയായി മഴ പെയ്യുന്നതുകാരണം കേരളത്തിൽ ഇത്തവണയും തെക്കുപടിഞ്ഞാറൻ കാലവർഷം അധികമാണ്. ഇതുവരെ 11 ശതമാനം അധികമഴ ലഭിച്ചതായാണ് വിവരം. രണ്ട് ദിവസമായി തിമിർത്തുപെയ്യുന്ന പാലക്കാട് ജില്ലയിൽ ഇത്തവണ 39.88 ശതമാനം അധികമഴ ലഭിച്ചെന്നാണ് റിപ്പോർട്ട്. കോഴിക്കോട് ജില്ലയിൽ 36.87 ശതമാനവും മലപ്പുറത്ത് 21.71 ശതമാനവും അധികം പെയ്തു. എന്നാൽ ഇടുക്കിയിൽ ഇപ്പോഴും 13.13 ശതമാനം മഴ കുറവാണ്.
 
ഈ ജില്ലകളിലെ 25 ശതമാനം പ്രദേശങ്ങളിലെങ്കിലും മഴപെയ്യുമെന്നാണ് മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു. കേരളത്തിൽ വ്യാപകമായി മഴപെയ്തു വ്യാഴാഴ്ച സാധാരണ തോതിൽനിന്ന് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പാലക്കാട് ജില്ലയിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒറ്റപ്പാലത്ത് മാത്രം 15 സെന്റീമീറ്ററിലധികം മഴയുടെ തോത് രേഖപ്പെടുത്തി. മലപ്പുറം പെരിന്തൽമണ്ണയിലും വയനാട്ടിലെ മാനന്തവാടിയിലും 10 സെന്റീമീറ്റർ വീതവും മഴ പെയ്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍