വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ബസ് ജീവനക്കാർ പിടിയിൽ
കൊല്ലം : ഒമ്പതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും പോലീസ് പിടിയിലായി. പെരുമൺ - മാങ്ങാട് വഴി ചാവറയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവർ മാങ്ങാട് തട്ടയ്ക്കാട്ട് വീട്ടിൽ ജോഷി (29), കണ്ടക്ടർ മാങ്ങാട് വലിയവില വീട്ടിൽ കണ്ണൻ (28) എന്നിവരാണ് പിടിയിലായത്.
സ്വകാര്യ ബസിലെ സ്ഥിരം യാത്രക്കാരി ആയിരുന്ന പെൺകുട്ടിയെ ബസിലെ കണ്ടക്ടറായിരുന്ന കണ്ണനാണ് പ്രണയം നടിച്ചു വശത്താക്കിയത്. ആഴ്ചകൾക്ക് മുമ്പ് സ്‌കൂളിൽ നിന്നെത്തിയ പെൺകുട്ടിയെ ഇരുവരും ചേർന്ന് കാറിൽ കൊണ്ടുപോയി ചെമ്മക്കാട് എത്തിച്ച ശേഷം കാറിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു.
വിവരം പെൺകുട്ടി സ്‌കൂൾ അധ്യാപകരെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പരാതി നൽകി. അഞ്ചാലുംമൂട്ട് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്താണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.