വീണ്ടെടുക്കാം ആ പഴയ ഗ്രാമ വിശുദ്ധിയെ, പച്ചയിലൂടെ വൃത്തിയിലേക്ക്; ഹരിത കേരളം പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി

വ്യാഴം, 8 ഡിസം‌ബര്‍ 2016 (12:00 IST)
ജലസംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജനം, കൃഷിപരിപോഷണം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നടപ്പിലാക്കുന്ന ഹരിതകേരളം പദ്ധതിയിയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. നവകേരള മിഷന്റെ ഭാഗമായി ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തിരുവനന്തപുരത്തെ കൊല്ലായില്‍ പഞ്ചായത്തിലെ കളത്തറയ്ക്കല്‍ ഏലായില്‍ രാവിലെ 11മണിക്കാണ് വിത്തിറക്കി സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
 
നമുക്ക് വീണ്ടെടുക്കാം നമ്മുടെ ആ പഴയ ഗ്രാമ വിശുദ്ധിയെ, നാട്ടു നൻമയെ, ശുദ്ധ ജല സ്രോതസ്സുകളെ, കീടനാശിനികൾ തെളിക്കാത്ത നാട്ടു വിളകളെ, നമുക്ക് ഒന്നിച്ച് മുന്നേറാം നവ കേരളത്തിനായി. ഹരിതകേരളം പരിപാടിയിലൂടെ പുതിയ സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് ഉദ്ഘാടന വേളയില്‍ പിണറായി വിജയൻ വ്യക്തമാക്കി. പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍കൂടിയായ ഗാനഗന്ധര്‍വന്‍ യേശുദാസ്, നടി മഞ്ജു വാര്യര്‍ ,മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമീസ് കാതോലിക ബാവ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
 
പരിപാടിയില്‍ വച്ച് അടുത്ത വര്‍ഷം അഞ്ച് ഏക്കര്‍ നെല്‍കൃഷി ചെയ്യുമെന്ന് പുതിയ കര്‍ഷകര്‍ മുഖ്യമന്ത്രിയ്ക്ക് സമ്മതപത്രം കൈമാറി. പരമ്പരാഗതമായി നെല്ക്കൃകഷി മാത്രം ചെയ്തുവരുന്ന പാടശേഖരമാണ് കൊല്ലയില്‍ പഞ്ചായത്തിലെ നടൂർക്കൊല്ല വാർഡിലെ കളത്തറയ്ക്കല്‍. പതിനാല് ഹെക്ടറോളം വിസ്തൃതിയാണ് പാടത്തിന്.  മണ്ണും ചേറും കൊണ്ട് മൂടിയിരുന്ന ഈ കുളമായിരുന്നു ഈ പാടശേഖരത്തിന്റെ ജലസ്രോതസ്സ്. അത് വീണ്ടെടുക്കാനുള്ള ശ്രമമാണ് ഹരിത കേരളത്തിലൂടെ ഏറ്റെടുക്കുന്നത്.


വെബ്ദുനിയ വായിക്കുക