ബ്രൂവറി, ഡിസ്‌ലറി അനുമതി സർക്കാർ റദ്ദാക്കി; നടപടി വിവാദം ഒഴിവാക്കുന്നതിന്

തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (13:28 IST)
ബ്രൂവറി, ഡിസ്‌ലറി അനുമതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിക്ക് യാതൊരു വിട്ടുവീഴ്‌ചയും നൽകാത്ത സർക്കാരാണിത്. കേരളം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത് ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ അനുവദിച്ച തീരുമാനം സര്‍ക്കാര്‍ റദ്ദാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
നിലവിലെ വിവാദങ്ങള്‍ ഒഴിവാക്കാനാണ് ഈ നടപടിയെന്നും ഭാവിയില്‍ ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കില്ല എന്ന് അർത്ഥമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മദ്യത്തിന്റെ എട്ട് ശതമാനവും ബിയറിന്റെ 40 ശതമാനവും സംസ്ഥാനത്തിന് പുറത്ത് നിന്ന് വരികയാണ്. ആ സാഹചര്യത്തില്‍ പുതിയ യൂണിറ്റുകള്‍ സംസ്ഥാനത്തിന് ആവശ്യമാണെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അനുമതി നൽകിയത് എക്സൈസ് വകുപ്പ് എല്ലാ ചട്ടങ്ങളും പരിശോധിച്ചതിന് ശേഷം തന്നെയാണ്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്നും പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഈ സമയത്ത് എല്ലാവരും ഒരുമിച്ച്‌ നില്‍ക്കേണ്ട സാഹചര്യം കൂടി പരിഗണിച്ചുകൊണ്ടാണ് ഈ നടപടിയില്‍ നിന്ന് പിന്മാറുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍