ശബരിമല വിഷയത്തിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്ക് കാരണം സംസ്ഥാന സർക്കാരിന്റെ നിലപാടുകൾ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ചരിത്രം കൂടി വിലയിരുത്തിവേണം വിധിയെ കാണാൻ. സർക്കാർ നിലപാടല്ല സുപ്രീംകോടതി വിധിയിലേക്ക് നയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശബരിമല വിഷയത്തിൽ കോടതി ആവശ്യപ്പെട്ടത് കൊണ്ടാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്.
പുനഃപരിശോധന ഹർജി നൽകണമെന്ന പറയുന്നവർ ചിന്തിക്കേണ്ട കാര്യം, സത്യവാങ്മൂലം നൽകിയ സർക്കാർ തന്നെ കോടതി വിധിക്കെതിരെ ഒരു റിവ്യു ഹർജി നൽകുക എങ്ങനെയാണ്? കോടതി വിധി എന്താണെങ്കിലും അത് നടപ്പാകുമെന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. ആ ഉറപ്പ് ലംഘിച്ച് കൊണ്ട് റിവ്യു ഹർജി നൽകാൻ സർക്കാരിന് കഴിയില്ല. റിവ്യു ഹർജി നൽകേണ്ടവർക്ക് അതാകാം. ആരും എതിർക്കുന്നില്ലല്ലോ.
നാടിന്റെ ഒരുമ തകർക്കാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയകാലത്തു കണ്ട മതേതര ഐക്യമാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. അനാചാരങ്ങൾക്കെതിരായ നവോത്ഥാന പോരാട്ടങ്ങൾ ഓർമിപ്പിച്ച് മുഖ്യമന്ത്രി. മന്നത്ത് പത്മനാഭന്റെ നവോത്ഥാന ഇടപെടൽ ഈ ഘട്ടത്തിൽ ശ്രദ്ധിക്കേണ്ടതാണ്. സമുദായത്തിനുള്ളിലെ അനാചാരങ്ങൾക്ക് എതിരെയും മന്നത്ത് പത്മനാഭൻ പോരാടി. സാമൂഹിക പരിഷ്കരണങ്ങളിലൂടെയാണു കേരളം മുന്നേറിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ വിധിയെ തുടർന്ന് സംസ്ഥാനത്ത് പ്രതിഷേധം ആളിക്കത്തുകയാണ്. അവസരം മുതലാക്കി കോൺഗ്രസും ബിജെപിയും സർക്കാരിനെതിരെ മുതലെടുപ്പ് നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ വ്യക്തമായ നിലപാടുകൾ അറിയിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്.