കരുനാഗപ്പള്ളിയില്‍ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; റെയിൽ ഗതാഗതം നിലച്ചു

ചൊവ്വ, 20 സെപ്‌റ്റംബര്‍ 2016 (07:34 IST)
കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്കും ഇടയിൽ കല്ലുകടവിൽ വച്ച് ഗുഡ്സ് ട്രെയിൻ പാളം തെറ്റി. തിരുനെല്‍വേലിക്ക് സമീപത്തുനിന്ന് കോട്ടയത്തേയ്ക്ക് യൂറിയയുമായി പോയ തീവണ്ടിയുടെ ഒമ്പത് ബോഗികളാണ് പാളം തെറ്റിയത്. ഇതില്‍ നാലെണ്ണം പൂര്‍ണമായും മറിഞ്ഞു. അപകടകാരണം വ്യക്തമായിട്ടില്ല.
 
രാത്രി 12.30 ഓടെയാണ് അപകടം. ഇതേതുടര്‍ന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കുമുള്ള എല്ലാ ട്രെയിൻ സർവീസുകളും നിലച്ചു. ചൊവ്വാഴ്ച വെളുപ്പിന് രണ്ടരയോടെ ഒരു പാളത്തില്‍കൂടിയുള്ള ഗതാഗതം പുന:സ്ഥാപിച്ചിട്ടുണ്ട്. അപകടത്തില്‍ പാളത്തിന്റെ സ്ലീപ്പറുകള്‍ നടുവെ മുറിഞ്ഞുപോകുകയും വൈദ്യുതി ലൈനുകള്‍ തകരുകയും ചെയ്തിട്ടുണ്ട് തീവണ്ടിയുടെ ചക്രങ്ങളും ഇളകിത്തെറിച്ചു.
 
കൊല്ലം - ആലപ്പുഴ പാസഞ്ചർ (നമ്പർ: 56300), ആലപ്പുഴ - എറണാകുളം പാസഞ്ചർ (നമ്പർ: 56302),എറണാകുളം - ആലപ്പുഴ പാസഞ്ചർ (നമ്പർ: 56303), ആലപ്പുഴ - കൊല്ലം പാസഞ്ചർ (നമ്പർ: 56301), കൊല്ലം - എറണാകുളം പാസഞ്ചർ (നമ്പർ: 56392), എറണാകുളം - കായംകുളം പാസഞ്ചർ (നമ്പർ: 56387), കൊല്ലം - എറണാകുളം മെമു (നമ്പർ: 66300), എറണാകുളം - കൊല്ലം മെമു (നമ്പർ: 66301), കൊല്ലം - എറണാകുളം മെമു (നമ്പർ: 66302), എറണാകുളം - കൊല്ലം മെമു (നമ്പർ: 66303) എന്നീ ട്രെയിനുകള്‍ റദ്ദാക്കി.
 
എറണാകുളം - കൊല്ലം മെമു (നമ്പർ: 66307), കൊല്ലം - എറണാകുളം മെമുവും (നമ്പർ: 66308), കോട്ടയം - കൊല്ലം പാസഞ്ചറും (നമ്പർ: 56305) കായംകുളത്തിനും കൊല്ലത്തിനുമിടയിൽ സർവീസ് നടത്തില്ല.

വെബ്ദുനിയ വായിക്കുക