പാലക്കാട് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പത്തനംതിട്ട കോന്നി സ്വദേശികളായ പെണ്‍കുട്ടികളുടെ മരണത്തില്‍ ദുരൂഹതയേറുന്നു. ഇവര്‍ ബംഗളൂരുവിലേക്ക് പോയിരുന്നതായി പൊലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചു. അതേസമയം ആതിര, രാജി എന്നിവരുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും. ആതിരയുടെ രണ്ടു മണിക്കും, രാജിയുടെ നാലുമണിക്കുമാണ് സംസ്‌കാരം നടക്കുക.
കേസ് അന്വേഷണത്തിന്റെ രേഖകള്‍ പരിശേധിക്കാന്‍ ദക്ഷിണ മേഖല ഐജി മനോജ് എബ്രഹാം ഉടന്‍തന്നെ കോന്നി പൊലീസ് സ്‌റ്റേഷനില്‍ എത്തും. പെണ്‍കുട്ടികളുടെ ബാഗ് പൊലീസ് പരിശേധിക്കുകയാണ്. കേസിന്റെ വഴിത്തിരിവായി തീരാവുന്ന പെണ്‍കുട്ടിയുടെ ടാബ് ബാഗില്‍ കണ്ടെത്താന്‍ കഴിയാത്തതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. കോന്നി എസ് ഐ വിനോദ് കുമാര്‍ ഉടന്‍ തന്നെ ത്രിശൂര്‍ക്ക് പുറപ്പെടും, ഈ അന്വേഷണ സംഘം തന്നെ ബംഗളൂരുവിലേക്ക് പോകുന്നതിനും തയ്യാറെടുക്കുകയാണ്. കേസില്‍ കസ്‌റ്റഡിയിലെടുത്തവര്‍ക്ക് പെണ്‍കുട്ടികളുടെ മരണവുമായി യാതൊരു ബന്ധവുമില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നുണ്ട്.
ഈ മാസം 9 ആം തിയതി കോന്നിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ കോന്നിയിലെ ഒരു സ്വകാര്യ ബാങ്കില്‍ സ്വര്‍ണം പണയം വെച്ച് ലഭിച്ച പണവുമായി ശനിയാഴ്ച്ച അങ്കമാലിയിൽ നിന്ന് ബംഗളൂരുവിലേക്ക് യാത്ര ചെയ്തതിന്റെ ട്രെയിൽ ടിക്കറ്റും ലാൽബാഗ് സന്ദർശിച്ചതിന്റെ ടിക്കറ്റും കുട്ടികളുടെ ബാഗിൽ നിന്ന് പോലീസ് കണ്ടെടുത്തു. മാവേലിക്കരയിൽ നിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്ത ബസിന്റെ ടിക്കറ്റും പരിശോധനയിൽ കണ്ടെത്തി. ട്രെയിനില്‍ നിന്ന് കണ്ടെത്തിയ മൂന്ന് പേരുടെയും ബാഗുകൾ ആർപിഎഫ് കോന്നി പൊലീസിന് കൈമാറിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ എന്തിന് പോയെന്നോ, എങ്ങോട്ട് പോയെന്നോ ഇതുവരെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനും കഴിഞ്ഞിട്ടില്ല.
അതേസമയം, കുട്ടികളുടെ ഫേസ്‌ബുക്ക് കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ഫേസ്‌ബുക്ക് സുഹൃത്ത് തൃശൂർ പേരാബ്ര സ്വദേശിയെ കോന്നി പൊലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്. മറ്റ് നിരവധി പേരെയും ഇതിനകം ചോദ്യം ചെയ്തുകഴിഞ്ഞു. ഇവരാരും പെണ്‍കുട്ടികളുടെ മരണവുമായി ബന്ധമുള്ളതായി പൊലീസിന് തെളിവ് ലഭിച്ചിട്ടില്ല. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ആര്യയുടെ മൊഴി രേഖപ്പെടുത്താനായി കോന്നി പോലീസ് മെഡിക്കൽ കോളേജ് അധികൃതർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ആര്യയുടെ മൊഴി കേസിൽ നിർണായകമാകും.