ഗണേഷ് കുമാറിനോട് സൂക്ഷിച്ച് കളിക്കണം, പരസ്യ പോര് കുറയ്ക്കാം; കോണ്‍ഗ്രസില്‍ രണ്ട് അഭിപ്രായം

ശനി, 16 സെപ്‌റ്റംബര്‍ 2023 (11:32 IST)
സോളാര്‍ കേസിലെ സിബിഐ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ചര്‍ച്ചകള്‍ ഒഴിവാക്കുകയാണ് നല്ലതെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം. സോളാര്‍ കേസിലെ അന്വേഷണങ്ങളെല്ലാം നേരത്തെ അവസാനിച്ചതാണെന്നും വീണ്ടും കുത്തിപ്പൊക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നുമാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. 
 
ഗണേഷ് കുമാറിനെതിരെ പ്രത്യക്ഷ സമരത്തിനു ഇറങ്ങാന്‍ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ഇതിനെ എതിര്‍ക്കുകയാണ്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് പല രഹസ്യങ്ങളും ഗണേഷിന് അറിയാമെന്നും അത് വെളിപ്പെടുത്തിയാല്‍ കോണ്‍ഗ്രസിന് ദോഷമാകുമെന്നുമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായം. 
 
സോളാര്‍ കേസുമായി ബന്ധപ്പെട്ട് തനിക്ക് പല രഹസ്യങ്ങളും അറിയാമെന്നും അതൊക്കെ വെളിപ്പെടുത്തിയാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പോലും വെട്ടിലാകുമെന്നുമാണ് ഗണേഷ് കുമാര്‍ പറയുന്നത്. യുഡിഎഫും കോണ്‍ഗ്രസും തനിക്കെതിരെ തിരിഞ്ഞാല്‍ ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകളും നടത്താന്‍ കച്ചക്കെട്ടിയിരിക്കുകയാണ് ഗണേഷ്. ഇത് പല കോണ്‍ഗ്രസ് നേതാക്കളേയും ഭയപ്പെടുത്തുന്നു. ഗണേഷിന്റെ എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസില്‍ ഇതിനോട് താല്‍പര്യമില്ലാത്തവരും ഉണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍