'അച്ചടക്കനടപടി എടുത്തതിനുള്ള പ്രതികാരമായാണ് കന്യാസ്‌ത്രീ പരാതി നല്‍കിയത്': ഫ്രാങ്കോ മുളയ്‌ക്കലിന്റെ വാദം പൊളിഞ്ഞത് ഇങ്ങനെ

ശനി, 22 സെപ്‌റ്റംബര്‍ 2018 (11:35 IST)
കന്യാസ്‌ത്രീയുടെ പരാതിയിൽ ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റുചെയ്‌തത് മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ. മൂന്ന് ദിവസത്തെ 23 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ഫ്രാങ്കോ മുളയ്‌ക്കൽ കുറ്റം ചെയ്‌തിട്ടുണ്ടെന്ന് മനസ്സിലാക്കിയ സാഹചര്യത്തിലാണ് അന്വേഷണസംഘം അറസ്‌റ്റിലേക്ക് നീങ്ങിയത്. 350 പ്രധാന ചോദ്യങ്ങളും 500 ഉപചോദ്യങ്ങളുമാണ് ബിഷപിനോട് പൊലീസ് ഉദ്യോഗസ്ഥർ ചോദിച്ചത്.
 
എന്നാൽ ഫ്രാങ്കോയെ കുടുക്കിയതിന് പ്രധാന തെളിവുകൾ ഉണ്ട്. തൃപ്‌തികരമല്ലാത്ത മറുപടിയാണ് ഫ്രാങ്കോ മുളയ്‌ക്കൽ ഏറെ ചോദ്യങ്ങൾക്കും നൽകിയത്. കന്യാസ്‌ത്രീ പറഞ്ഞ ദിവസങ്ങളിൽ ബിഷപ്പ് ഒപ്പമുണ്ടായിരുന്നു എന്നത് ആദ്യം ബിഷപ്പ് എതിർത്തിരുന്നെങ്കിലും തെളിവുകൾ കാട്ടി അന്വേഷണസംഘം വാദിക്കുകയായിരുന്നു. അച്ചടക്കനടപടി എടുത്തതിനുള്ള പ്രതികാരമായാണു പരാതി നല്‍കിയതെന്നായിരുന്നു ബിഷപ്പിന്റെ വാദം. അതെല്ലാം പൊളിയുകയായിരുന്നു.
 
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് കന്യാസ്ത്രീയുടെ വൈദ്യപരിശോധനാഫലം, കന്യാസ്ത്രീ പരാതി പറഞ്ഞതായി മറ്റു കന്യാസ്ത്രീകളും വൈദികരും കൊടുത്ത മൊഴി, ചങ്ങനാശേരി കോടതിയില്‍ അവര്‍ നല്‍കിയ രഹസ്യമൊഴി. 13 വട്ടം പീഡനം നടന്നതു സംബന്ധിച്ചു തീയതിയും സ്ഥലവും ഉൾപ്പെടെ നൽകിയ വിവരങ്ങൾ, കന്യാസ്‌ത്രീ പറഞ്ഞ ദിവസം അവര്‍ എത്തിയിരുന്നതായി ധ്യാനകേന്ദ്രം അധികൃതരുടെ സ്ഥിരീകരണം തുടങ്ങിയ സുപ്രധാന തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഫ്രാങ്കോയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍