പത്തനംതിട്ട ജില്ലയില്‍ പ്രളയ മുന്നറിയിപ്പ്. യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് അതിശക്തമായ മഴയാണ് ജില്ലയില്‍ ലഭിച്ചത്. പലയിടത്തും മഴ തുടരുകയാണ്. പമ്പ, അച്ചന്‍ കോവില്‍ നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍ ഉയര്‍ന്നു. നദികളിലെ ജലനിരപ്പ് ഉയരുന്നത് തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങി.
വെള്ളം കയറാന്‍ സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ സുരക്ഷിതമായ ഇടകളിലേക്ക് മാറി താമസിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു. വില്ലേജ് ഓഫീസര്‍, ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി താമസിക്കണം. മലയോര മേഖലകളില്‍ രാത്രികാല യാത്രകള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.