തുണികൂടിയാല്‍ സംസ്കാരം കൂടില്ല: ഫസല്‍ ഗഫൂര്‍

ബുധന്‍, 19 നവം‌ബര്‍ 2014 (17:05 IST)
തുണി കൂടിയാല്‍ സംസ്കാരം കൂടില്ലെന്നും അതുപോലെ കുറഞ്ഞാല്‍ സംസ്കാരം കുറയില്ലെന്നും പറഞ്ഞുകൊണ്ട് വസ്ത്രവിവാദത്തില്‍ പുതിയ ചര്‍ച്ചയുമായി എം‌ഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ രംഗത്ത്. മംഗളം പത്രത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഫസല്‍ ഗഫൂര്‍ പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്.

പര്‍ദ്ദയും ജീന്‍സും കേരളത്തിന്റെ കാലാവസ്ഥക്ക് ചേര്‍ന്നതല്ലെന്ന് പറഞ്ഞ അദ്ദേഹം ജീന്‍സിലൂടെ പശ്ചാത്യവത്കരണം വരുമ്പോള്‍ പര്‍ദ്ദയിലൂടെ അറബിവത്കരണമാണ് വരുന്നതെന്ന് വ്യക്തമാക്കി. ഇസ്ലാമിന്റെ പേരില്‍ പലരും പര്‍ദ്ദ പ്രചരിപ്പിക്കുന്നുണ്ട്. അത് ശരിയല്ല. പര്‍ദ്ദ ധരിച്ചാല്‍ പിന്നെ സൂര്യപ്രകാശം ശരീരത്തില്‍ എവിടേയും പതിക്കില്ല. ജീന്‍സ് ധരിച്ചാല്‍ വിയര്‍പ്പ് കെട്ടി നില്‍ക്കും. ഇത് രണ്ടും പല ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുമെന്നും ഫസല്‍ ഗഫൂര്‍ പറയുന്നു. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ആരോഗ്യപരമായ ചര്‍ച്ചകളാണ് ആവശ്യം.

മുഖം മറച്ച് പര്‍ദ്ദ ധരിക്കണമെന്ന് ഇസ്ലാമില്‍ എവിടേയും പറഞ്ഞിട്ടില്ലെന്നും എന്നാല്‍ പര്‍ദ്ദയോ ജീന്‍സോ ധരിക്കാനുള്ള സ്ത്രീകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെ എതിര്‍ക്കാനില്ലെന്നും ഫസല്‍ ഗഫൂര്‍ പറയുന്നു.  എംഇഎസിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സെമിനാറുകളില്‍ സ്ത്രീകളുടെ വസ്ത്രധാരണം എന്നത് പൊതു ചര്‍ച്ചയാക്കി ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേ സമയം സംഘപരിവാറിന്റെ ആര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയല്ല ചെയ്യുന്നതെന്നും പ്രാദേശികമായ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രരീതികള്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി. എംഇഎസിന്റെ ഒരു സ്ഥാപനത്തിലും മതപരമായ വസ്ത്ര നിഷ്‌കര്‍ഷകള്‍ ഇല്ലെന്ന് ഫസല്‍ ഗഫൂര്‍ സൂചിപ്പിക്കുന്നു. എംഇഎസ് സ്ഥാപനങ്ങളില്‍ സല്‍വാര്‍ കമ്മീസും സാരിയും ആണ് വിദ്യാര്‍ത്ഥിനികള്‍ക്കും അധ്യാപികമാര്‍ക്കും നിഷ്‌കര്‍ഷിച്ചിട്ടുള്ളത് അദ്ദേഹം പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക