വിദ്യയുടെ വാക്കുകള്‍
കള്ളി എന്നതാണ് ഇപ്പോഴത്തെ മേല്‍വിലാസം.. കള്ളിയുടെ അച്ഛന്‍ എന്ന മേല്‍ വിലാസവുംകൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛന്‍ മരിച്ചുപോയത്. അദ്ദേഹത്തിന് നല്‍കാന്‍ എന്റെ കയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ല. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും സെന്‍സിറ്റീവ് ആയ പുരുഷന്‍ എന്റെ അച്ഛനായിരുന്നു. അവസാനത്തെ ട്രെയിന്‍ യാത്രയ്ക്കു മുന്‍പ് ഇടനെഞ്ചോട് ചേര്‍ത്ത് പിടിച്ച് അതുവരെ അപ്രകാരം ചെയ്യാത്ത ഒരാള്‍ അങ്ങനെ ചെയ്തു.
കള്ളിയുടെ അമ്മ, അനിയത്തി എന്നീ മേല്‍ വിലാസവുംകൊണ്ട് ഏതാണ്ട് ഒരു വര്‍ഷക്കാലമായി എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം എന്നൊന്നും അറിയാത്ത ജീവിതത്തിന്റെ ചുക്കാനും പിടിച്ചാണ് എന്റെ വീട്ടുകാരുടെ പോക്ക്. കൂട്ടത്തില്‍ കൂടെ ഉണ്ടായിരുന്നവരൊന്നും ഇപ്പോള്‍ കൂട്ടിന്നില്ല. ഒറ്റപ്പെടലിന്റെ എല്ലാ സാധ്യതകളെയും തിരിച്ച് പരാജയപ്പെട്ട് ആശുപത്രി കിടക്കയില്‍ കിടക്കുകയാണ്. ഉറങ്ങുമ്പോള്‍ ഹാഷ്മിയുടെയും നിഷയുടെയും ഷാനിയുടെയും ഒക്കെ ഘോര ഘോരം പ്രസംഗങ്ങളാണ് കാതിലേക്ക് കുത്തിയിറങ്ങുക.
സത്യത്തില്‍ ഉറങ്ങിയിട്ട് വര്‍ഷം ഒന്നാകാറായി. ഉറക്ക കുറവിനുള്ള മരുന്ന് കഴിച്ച് തുടങ്ങി. പിന്നെ അത് പലതായി.. ജീവിതത്തിന്റെ ഒറ്റയാള്‍ പോരാട്ടം നടക്കുന്നത് അവിടെ മാത്രമാണ്. അപ്പോള്‍ ഒന്നോര്‍ത്തു നോക്കുകയായിരുന്നു...പഴയ പടി ഒരു ജീവിതം..അതിനി സാധ്യമല്ല..പുതിയ പടി ആഗ്രഹിക്കുന്ന ജീവിതം..അതും സംശയമാണ്..ഇതിനിടയില്‍ ഏതോ ഒരിട്ടാവട്ടത്ത് കൊറേ ഏറെ മരുന്നുകളുടെ കൂടെയാണ് ജീവിതം. എല്ലാവര്‍ക്കും എന്നെ കുറിച്ചറിയാന്‍ ഉള്ളതൊക്കെ എന്നെക്കാള്‍ നന്നായി പത്രക്കാരും മാധ്യമങ്ങളും പറഞ്ഞിട്ടുണ്ട്. ഇനി എന്ത് പറയാന്‍ എന്നായിരുന്നു ആദ്യം.
ഒരു മനുഷ്യനോട് മുഖത്ത് നോക്കി ഇപ്പോഴും സംസാരിക്കാന്‍ പേടിയാണ്. അവര്‍ കണ്ടുകൊണ്ടിരുന്ന ദൃശ്യമാധ്യമങ്ങളിലോ പൊതിഞ്ഞെടുത്ത ന്യൂസ് പേപ്പര്‍ കഷണങ്ങളിലോ എന്റെ ചിരിക്കുന്ന മുഖമുണ്ടാകുമോ എന്ന പേടി. വിദ്യയല്ലേ എന്ന് ചോദിക്കുമോ എന്ന ഭയം. വെറും വിദ്യയല്ല, കള്ളി വിദ്യയല്ലെ എന്ന് വിരല് ചൂണ്ടുമോ എന്ന ഭയം. അത്രമാത്രം ആഘോഷിക്കപ്പെട്ട് തീര്‍ന്ന ഒരു സ്പെസ്മിന്‍ ആകയാല്‍ ഈ ഭയത്തില്‍ അല്പം കഴമ്പുണ്ട് താനും..
ഈ ഭയം ശരീരത്തെ ആകമാനം വെന്തു നീറിയത് കൊണ്ടാകാം.. പുറത്ത് കടക്കാന്‍ വലിയ ഭയപ്പാടായിരുന്നു. പക്ഷേ അതില്‍ നിന്നെല്ലാം പുറത്ത് കടക്കാന്‍ പോകുകയാണ്. നോക്കുന്ന നോട്ടങ്ങളെ പിന്തള്ളിക്കൊണ്ട്, പരിഹാസ ചിരികളെ ഇന്ന് ഈ നിമിഷം ഞാന്‍ അവ കണ്ടിട്ടേ ഇല്ല എന്ന് ഉറച്ച്...