അവസാനിക്കാത്ത തര്‍ക്കങ്ങളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ പോലും കഴിയാത്തതും പല മണ്ഡലങ്ങളിലും യു ഡി എഫിന്‍റെ വിജയപ്രതീക്ഷയ്‌ക്ക് മങ്ങലേല്‍പ്പിക്കുന്നു. കോണ്‍ഗ്രസിന് ഇനി ഏഴ് സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. അവിടങ്ങളില്‍ പലതിലും ആരൊക്കെ സ്ഥാനാര്‍ത്ഥികളാകണമെന്ന കാര്യത്തില്‍ നേതൃത്വത്തിന് രൂപരേഖയുണ്ടെങ്കിലും മണ്ഡലങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷമാകുകയാണ്.
കുണ്ടറയില്‍ പി സി വിഷ്‌ണുനാഥിനെ മത്സരിപ്പിക്കാന്‍ ധാരണയായിക്കഴിഞ്ഞു. എന്നാല്‍ കല്‍പ്പറ്റയിലും നിലമ്പൂരും തര്‍ക്കങ്ങള്‍ തുടരുകയാണ്. കല്‍പ്പറ്റയില്‍ ടി സിദ്ദിക്ക് സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരെ വലിയ രോഷമാണ് അവിടത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ളത്. കെ സി റോസക്കുട്ടിയെ അവിടെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. നിലമ്പൂരില്‍ ആര്യാടന്‍ ഷൌക്കത്തിന് സീറ്റുനല്‍കാത്തത് ആര്യാടന്‍റെ അണികളെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. നിലമ്പൂരില്‍ വി വി പ്രകാശിനെ മത്സരിപ്പിക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്.
വട്ടിയൂര്‍ക്കാവില്‍ ജ്യോതി വിജയകുമാറിന്‍റെ സാധ്യത നേതൃത്വം പരിശോധിക്കുകയാണ്. എന്നാല്‍ പ്രാദേശിക തലത്തില്‍ അവിടെയും എതിര്‍പ്പ് രൂക്ഷമാണ്.
പട്ടാമ്പിയില്‍ ആര് സ്ഥാനാര്‍ത്ഥിയാകണം എന്നതു സംബന്ധിച്ച് വ്യക്‍തമായൊരു ചിത്രം ഇനിയും തെളിഞ്ഞിട്ടില്ല. ഇവിടെ രണ്ടിലധികം പേരുകളുള്ള പാനല്‍ മാത്രമാണ് ഇപ്പോഴും നേതൃത്വത്തിന് മുന്നിലുള്ളത്. തര്‍ക്കം ഒഴിവാക്കി ഒരു പേരിലേക്ക് യു ഡി എഫ് എത്തിയിട്ടില്ല.
സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് പ്രഖ്യാപിച്ച് മാറിനിന്ന ഫിറോസ് കുന്നുംപറമ്പിലിനെ തന്നെ തവനൂരിലേക്ക് പരിഗണിക്കുകയാണ് യുഡിഎഫ് നേതൃത്വം ഇപ്പോള്‍. അവിടെയും തര്‍ക്കം തുടരുകയാണ്. ധര്‍മ്മടത്ത് മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളില്ലാത്തത് മുമ്പൊരിക്കലുമില്ലാത്ത വിധത്തില്‍ യു ഡി എഫിനെ കുഴക്കുകയാണ്. വനിതാ പ്രാതിനിധ്യം എന്ന നിര്‍ബന്ധത്തിന് വഴങ്ങി ഇവിടെ ഷമ മുഹമ്മദിനെ പരിഗണിക്കാനാണ് സാധ്യത എന്നറിയുന്നു.
ഇരിക്കൂറില്‍ കാര്യങ്ങള്‍ കോണ്‍ഗ്രസിന്‍റെ കൈവിട്ടുപോയിരിക്കുന്നു എന്നുപറയാം. അവിടെ സജി ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് എ ഗ്രൂപ്പ് കണ്‍വന്‍ഷന്‍ വിളിക്കുകയും എതിര്‍സ്വരവുമായി മുന്നോട്ടുപോകുകയും ചെയ്യുന്നു. ഏറ്റുമാനൂരില്‍ ലതിക സുഭാഷ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായത് യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയ പ്രതീക്ഷയ്‌ക്ക് മങ്ങലേല്‍പ്പിച്ചു.
കളമശ്ശേരിയില്‍ മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം ഇടഞ്ഞുനില്‍ക്കുകയാണ്. തൃപ്പൂണിത്തുറയില്‍ കെ ബാബുവിനെതിരായ രോഷം പ്രാദേശികതലത്തില്‍ നീറിപ്പുകയുന്നു. ഈ പ്രശ്‌നങ്ങളെല്ലാം എങ്ങനെ പരിഹരിക്കണമെന്നറിയാതെ കുഴങ്ങിനില്‍ക്കുകയാണ് യു ഡി എഫ്. പല മണ്ഡലങ്ങളിലും വിജയപ്രതീക്ഷ അസ്‌തമിക്കുന്ന തരത്തിലാണ് യു ഡി എഫില്‍ തര്‍ക്കങ്ങളുടെ പോക്ക്.