എബോള പടരാന്‍ സാധ്യത ഏറെ, കേരളം ഇപ്പോഴും ഉറക്കത്തില്‍
ശനി, 18 ഒക്‌ടോബര്‍ 2014 (08:56 IST)
പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ജനങ്ങളെ കൊന്നൊടുക്കിക്കൊണ്ട് പടര്‍ന്ന് പിടിക്കുന്ന എബോള വൈറസിനേ നേരിടാന്‍ കേരളം മുന്‍കരുതലുകള്‍ എടുക്കിന്നില്ലെന്ന് ആരോപണം. രോഗം കണ്ടെത്തിയ ഗിനിയ, സിയാറാ ലിയോണ്‍, ലൈബീരിയ, നൈജീരിയ എന്നീ രാജ്യങ്ങളില്‍ അരലക്ഷത്തോളം മലയാളികളുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍.
ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന മലയാളികളേയും മറ്റ് രാജ്യക്കാരേയും നിരീക്ഷിക്കാനും വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കാനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് പരിശീലനം നല്‍കിയിട്ടില്ല. രോഗത്തെ ചെറുക്കാന്‍ പതിവ് മട്ടിലുള്ള മുന്‍കരുതല്‍ നിര്‍ദ്ദേശവും വിമാനത്താവളങ്ങളിലെ പരിശോധനയും മാത്രമാണുള്ളത്.
മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കോ, വായുവിലൂടെയോ ഈ രോഗം പകരാറില്ല. രക്തം, ശരീര സ്രവങ്ങള്‍ ഇവയിലൂടെയാണ് രോഗം വ്യാപിക്കുന്നത്. ആഫ്രിക്കന്‍ വംശജര്‍ കേരളത്തിലേക്ക് വരുന്നത് കുറവാണെങ്കിലും പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ വിമാനത്താവളത്തില്‍ തന്നെ പ്രത്യേക നിരീക്ഷണത്തിനും ആവശ്യമെങ്കില്‍ പരിശോധനയ്ക്കും വിധേയമാക്കാനാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ തീരുമാനം. എന്നാല്‍ ഇതെങ്ങനെ നടപ്പിലാക്കുമെന്നാണ് കണ്ടറിയേണ്ടത്.
ലോകത്തെമ്പാടും 4500 പേര്‍ എബോള രോഗം ബാധിച്ച് മരിച്ചു. കൂടുതലും ആഫ്രിക്കയിലാണ് മരണം. 10,000 ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എബോള പടര്‍ന്നു പിടിക്കുന്നത് ഇതുവരെ നിയന്ത്രിക്കാനായിട്ടില്ലെന്നാണ് ഡോക്ടേഴ്സ് വിത്തൌട്ട് ബോഡേഴ്സ് എന്ന രാജ്യാന്തര മെഡിക്കല്‍ സംഘടന പറയുന്നത്. പ്രതിരോധ വാക്സിനുകള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ മുന്നേറുമ്പോള്‍, കാനഡയില്‍ എബോള വാക്സിന്‍ മനുഷ്യരിലും പരീക്ഷിച്ചു തുടങ്ങി.