മദ്യപിച്ചുള്ള ഡ്രൈവിങ്, അമിത വേഗം; ഇനി അതിവേഗം പിടിവീഴും, 24 മണിക്കൂര്‍ പരിശോധന വരുന്നു

രേണുക വേണു

തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (16:30 IST)
സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് 24 മണിക്കൂര്‍ പരിശോധന നടത്താന്‍ തീരുമാനം. റോഡില്‍ 24 മണിക്കൂറും പൊലീസിനെയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിച്ച് നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എഡിജിപി മനോജ് എബ്രഹാം വിളിച്ചു ചേര്‍ത്ത ഉന്നതതല പൊലീസ് യോഗത്തിലാണ് നടപടികള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്. യോഗ തീരുമാനങ്ങള്‍ നാളെ ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നതതല യോഗത്തെ അറിയിക്കും.
 
മദ്യപിച്ച് വാഹനം ഓടിക്കല്‍, അമിത വേഗത്തില്‍ വാഹനം ഓടിക്കല്‍, അശ്രദ്ധയോടെയുള്ള ഡ്രൈവിങ് എന്നിവയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാര്‍ ഓടിക്കല്‍ എന്നിവയ്ക്കെതിരെയും നടപടികള്‍ കടുപ്പിക്കും. ഇതിനായി റോഡുകളില്‍ 24 മണിക്കൂറും പൊലീസിനെയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിച്ച് കര്‍ശന പരിശോധന നടത്തും. ഹൈവേകളില്‍ 24 മണിക്കൂറും സ്പീഡ് റഡാറുമായാണ് പരിശോധന നടത്തുക.
 
എഐ കാമറകള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വിന്യസിക്കും. നിലവില്‍ 675 എഐ കാമറകള്‍ സംസ്ഥാനത്ത് പലയിടത്തായി ഉണ്ട്. പുതുതായി സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ കണ്ടെത്താന്‍ ഉന്നതതല പൊലീസ് യോഗം ട്രാഫിക് ഐജിക്ക് നിര്‍ദേശം നല്‍കി. ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ എഐ കാമറകള്‍ ഉടന്‍ സ്ഥാപിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍