തെരുവുനായ ശല്യം: കേരളത്തിലുടനീളം നായ്ക്കളെ ഒന്നാകെ കൊന്നൊടുക്കുകയല്ല, തെറ്റിദ്ധാരണാജനകമായ വാർത്തയിൽ സ്വാധീനിക്കപ്പെട്ടത് ദൗർഭാഗ്യകരം; പ്രശാന്ത് ഭൂഷണ് മുഖ്യമന്ത്രിയുടെ മറുപടി

ഞായര്‍, 28 ഓഗസ്റ്റ് 2016 (10:22 IST)
തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട് പ്രശാന്ത് ഭൂഷന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തെരുവുനായ്ക്കളുടെ ശല്യം പരിഹരിക്കാൻ നിയമനിര്‍മാണം നടത്താൻ പദ്ധതിയുണ്ടെന്ന് പിണറായി വിജയൻ കത്തിൽ വ്യക്തമാക്കി. നേരത്തെ, കേരളത്തിൽ നായ്ക്കളെ കൊല്ലാനുള്ള തീരുമാനം പിൻവലിച്ചില്ലെങ്കിൽ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന് പ്രശാന്ത് ഭൂഷൺ കത്തിലൂടെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് പിണറായി ഇപ്പോൾ നൽകിയിരിക്കുന്നത്. 
 
കത്തിന്‍റെ പൂർണ രൂപം:
 
ജനജീവിതം ദുസ്സഹമാക്കി വർധിച്ചുവരുന്ന തെരുവുനായ ശല്യത്തെ നേരിടാനുള്ള കേരള സര്‍ക്കാരിന്‍റെ ഇടപെടലുകളെപ്പറ്റി താങ്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആശ്ചര്യം ഉളവാക്കുന്നു. കേരളത്തിലുടനീളം നായ്ക്കളെ ഒന്നാകെ കൊന്നൊടുക്കുന്നുവെന്ന തരത്തില്‍ തെറ്റിദ്ധാരണാജനകമായി വന്ന വാര്‍ത്തകളാല്‍ താങ്കളെ പോലെയൊരു പ്രമുഖ വ്യക്തി സ്വാധീനിക്കപ്പെട്ടത് ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ യഥാര്‍ത്ഥ വസ്തുത ഇതല്ലയെന്നു താങ്കളെ അറിയിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
 
തെരുവുനായ ശല്യം നേരിടാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഒരു യോഗം വിളിച്ചിരുന്നു എന്നത് വസ്തുതയാണ്. എന്നാല്‍, നായ്ക്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ഈ യോഗത്തില്‍ നടന്നിട്ടില്ല.  ഒരു മുതിര്‍ന്ന സ്ത്രീയെ തെരുവുനായ കടിച്ചുകൊന്ന സംഭവത്തിനു ശേഷം കൂടിയ ഈ യോഗത്തില്‍ അപകടകാരികളായ തെരുവുനായ്ക്കളെ സെപ്തംബര്‍ ഒന്നു മുതല്‍ വന്ധ്യംകരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. നിയമം അനുശാസിക്കുന്ന എല്ലാ കരുതലോടുംകൂടി പരിശീലനം സിദ്ധിച്ച മൃഗഡോക്ടര്‍മാര്‍ വന്ധ്യംകരണം നടത്തണമെന്നാണ് തീരുമാനിച്ചത്.
 
1960 ലെ Prevention of Cruelty to Animals എന്ന നിയമം പാലിച്ച് നടത്തുന്ന ഈ സമഗ്ര പരിപാടി ജില്ലാ കലക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കും. ഇതിനായി അവശ്യമായ ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കാനും തീരുമാനിച്ചു.  മാലിന്യനിര്‍മ്മാര്‍ജനത്തിനുള്ള ഒരു പദ്ധതിയും തെരുവുനായ ശല്യം കുറയ്ക്കുവാനായി തയ്യാറാക്കിയിരുന്നു. തെരുവുനായ ശല്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ 'പെയ്ഡ് ന്യൂസ്' ആണെന്ന താങ്കളുടെ നിഗമനം നീതിയുക്തമല്ല. വാര്‍ത്തകള്‍ പെരുപ്പിച്ചതോ കൃതൃമമായി നിര്‍മ്മിച്ചവയോ അല്ല. കഴിഞ്ഞ ഒന്നു രണ്ട് മാസങ്ങളിലെ കേരളത്തിലെ പത്രവാര്‍ത്തകള്‍ പരിശോധിച്ചാല്‍ താങ്കള്‍ക്കിത് ബോധ്യപ്പെടാവുന്നതേയുള്ളൂ. 
 
തെരുവുനായ്ക്കള്‍ കേരളമൊട്ടാകെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഒരു പാവപ്പെട്ട സ്ത്രീ തെരുവുനായ്ക്കളാല്‍ അതിഭീകരമായി ആക്രമിക്കപ്പെടുകയും, ദാരുണമായ മുറിവുകളേറ്റ് മരണപ്പെടുകയും ചെയ്തു.  തെരുവുനായ്ക്കള്‍ വളരെ വേഗം പെറ്റു പെരുകുന്നു.  നായ്കൂട്ടങ്ങള്‍ അക്രമാസക്തവും ഉപദ്രവകാരികളും ആയതിനാല്‍, രാത്രികാലങ്ങളില്‍ പോലും അവയെ പേടിച്ച് ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നു.
 
ഈ പ്രശ്‌നം പരിഹരിക്കാനുതകുന്ന രീതിയില്‍ ഒരു നിയമ നിര്‍മ്മാണത്തിനും പദ്ധതിയുണ്ട്.  മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനു വിലകല്‍പ്പിച്ചും, 1960 ലെ നിയമത്തിനും 2015 നവംബറിലെയും 2016 മാര്‍ച്ചിലെയും സുപ്രീം കോടതി വിധികള്‍ക്കും അനുസൃതമായും നിയമ നിര്‍മ്മാണം നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
 
ഈ വിഷയത്തില്‍ സംസ്ഥാനത്ത് ആശാസ്യമല്ലാത്തതൊന്നും നടക്കുന്നില്ലെന്നു താങ്കളെ അറിയിക്കുന്നതിനും, കാര്യങ്ങളുടെ നിജസ്ഥിതി താങ്കളെ ബോധ്യപ്പെടുത്തുന്നതിനുമാണ് ഈ കത്തെഴുതുന്നത്.

വെബ്ദുനിയ വായിക്കുക