ദിലീപിനെ രക്ഷിക്കാനുള്ള അവസാന ശ്രമമായിരുന്നോ ഇത്; നീക്കം ഗൌനിക്കാതെ മുഖ്യമന്ത്രിയും ഡിജിപിയും

ബുധന്‍, 16 ഓഗസ്റ്റ് 2017 (14:01 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്ന് അറസ്‌റ്റിലായി റിമാന്‍‌ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ അമ്മ കെപി സരോജം. മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തിലാണ് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

കേസ് ക്രൈംബ്രാഞ്ച് പോലുള്ള ഏജന്‍സികളിലെ സത്യസന്ധരായ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിക്കണം. സ്ഥാപിത താല്‍പര്യം ഇല്ലാത്തവരും അന്വേഷണത്തില്‍ കഴിവുതെളിയിച്ചവരുമായ ഉദ്യോഗസ്ഥരെ വേണം നിയോഗിക്കാന്‍. സത്യസന്ധമായി അന്വേഷണം നടത്തിയാല്‍ ദിലീപിനെതിരെ കുറ്റംചുമത്താന്‍ കഴിയില്ലെന്നും ദിലീപിന്റെ അമ്മയുടെ കത്തില്‍ പറയുന്നു.

നീതിയുക്തമായി അന്വേഷണം നടത്താതെ കുറ്റപത്രം നല്‍കിയാല്‍ അത് തീരാക്കളങ്കമാകും. ഏപ്രിലില്‍ മറ്റുപ്രതികള്‍ക്കെതിരെ നല്‍കിയ കുറ്റപത്രത്തിനു കടകവിരുദ്ധമാണ് പിന്നീടു ദിലീപിനെതിരെ സമര്‍പ്പിച്ച കുറ്റപത്രം. ആദ്യത്തെ അന്വേഷണത്തിലോ പിന്നീടുനടന്ന തുടരന്വേഷണത്തിലോ പാളിച്ചയുണ്ട്. ക്രൈംബ്രാഞ്ച് പോലുള്ള ഏജന്‍‌സികളെ കേസ് ഏല്‍പ്പിച്ചില്ലെങ്കില്‍ ദിലീപിന് നീതികിട്ടില്ലെന്നും സരോജം കത്തില്‍ വ്യക്തമാക്കുന്നു.

ചൊവ്വാഴ്ചയാണ് ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്കു കത്തു നൽകിയിരുന്നത്. കത്ത് ഡിജിപി ലോക്‍നാഥ് ബെഹ്‌റയ്‌ക്ക്  മുഖ്യമന്ത്രി കൈമാറി. അതേസമയം, സര്‍ക്കാരും അന്വേഷണ ഉദ്യോഗസ്ഥരും കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഗൌരവം നല്‍കുന്നില്ല. ശക്തമായ രീതിയില്‍ അന്വേഷണം മുന്നോട്ടു കൊണ്ടു പോകാനാണ് സര്‍ക്കാര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ആഴ്ച ദിലീപിനെ കാണാന്‍ അമ്മ സരോജം ആലുവ സബ് ജയിലില്‍ എത്തിയിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപിനൊപ്പമാണ് അവര്‍ ജയിലെത്തിയത്. നിലവില്‍ ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക