ദിലീപിന്റേത് ആണും പെണ്ണും കെട്ട കഥാപാത്രങ്ങള്‍, അയാള്‍ നല്ല നടനല്ല; ജനപ്രിയനായകനെ പരിഹസിച്ച് മന്ത്രി
ഞായര്‍, 6 ഓഗസ്റ്റ് 2017 (12:03 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അറസ്‌റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെയും അദ്ദേഹത്തിന്റെ സിനിമകളെയും രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് മന്ത്രി ജി സുധാകരന്‍ രംഗത്ത്.
താരരാജാവ് ശരിയല്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ എനിയ്ക്കറിയാം. ഞാന്‍ ഒരു കാലത്തും അയാളുടെ സിനിമയെ ബഹുമാനിച്ചിട്ടില്ല. അയാളുടെ രീതി ശരിയല്ല. ഒരു നല്ല നടന്‍ പോലുമല്ലെന്നാണ് എന്റെ അഭിപ്രായം. ആണും പെണ്ണും കെട്ട വേഷമാണ് കൂടുതലും. ഇതെല്ലാംകണ്ട് കൈയടിച്ച ജനങ്ങള്‍ തന്നെയാണ് ഇപ്പോള്‍ കല്ലെറിയുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ വെച്ചാണ് മന്ത്രി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.
അറസ്‌റ്റിലായ നടന്‍ ദിലീപിന് ശക്തമായ പിന്തുണയുമായി നിർമാതാവ് ജി സുരേഷ്കുമാർ ഇന്ന് രംഗത്ത് എത്തിയിരുന്നു. കേസില്‍ ഉൾപ്പെടുത്തി ദിലീപിനെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും തെറ്റു ചെയ്യാത്ത ആളെ ശിക്ഷിക്കുന്ന രീതിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.