എംടിയെ കടന്നാക്രമിച്ച് മുരളീധരൻ രംഗത്ത്; കമലിനെയും വെറുതെ വിട്ടില്ല

തിങ്കള്‍, 2 ജനുവരി 2017 (15:14 IST)
നോട്ട് അസാധുവാക്കല്‍ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ച ജ്ഞാനപീഠ ജേതാവ് എംടി വാസുദേവൻ നായരെ കടന്നാക്രമിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി മുരളീധരൻ രംഗത്ത്.

എംടിയുടെ വാക്കും നിലപാടും എഴുത്തും വിമർശിക്കപ്പെടും. അദ്ദേഹം വിമർശനത്തിന് അതീതനല്ല. എംടിയെ പിന്തുണച്ച് സംവിധായകൻ കമൽ എത്തിയത് ദേശീയ ഗാനവിഷയത്തിലുണ്ടായ പരുക്ക് മറക്കാനാണെന്നും മുരളീധരൻ പറഞ്ഞു.

അതേസമയം, എംടി വിഷയത്തില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് വിഎസ് അച്യുതാനന്ദൻ രംഗത്തെത്തിയിരുന്നു.

ഗോവിന്ദ പന്‍സാരെയെയും എംഎം കല്‍ബുര്‍ഗിയെയും കൈകാര്യം ചെയ്തപോലെ എംടിയെ നേരിടാമെന്ന സംഘികളുടെ മോഹം നടക്കില്ല. സംഘികള്‍ എംടിക്കു നേരെ വാളോങ്ങിയത് നിസാരമായി കാണാന്‍ കഴിയില്ല. ഇത്തരം വാളുകള്‍ അവരവരുടെ കൈകളില്‍ തന്നെ സൂക്ഷിക്കുന്നതാണ് നല്ലതെന്നും വിഎസ് വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക