പാൽ വാങ്ങാൻ പോയ നാല് വയസുകാരൻ കുളത്തിൽ വീണു മരിച്ചു
വെഞ്ഞാറമൂട്: പാൽ വാങ്ങാനായി വീട്ടിൽ നിന്ന് പോയ നാലു വയസുള്ള ബാലൻ കുളത്തിൽ വീണു മരിച്ചു. വെമ്പായം തേക്കട കുളക്കോട് പെരുമ്പിലാക്കോട് മുഹമ്മദ് ഷാഫി - മുനീറ ദമ്പതികളുടെ മകൻ ലാലിൻ മുഹമ്മദ് ആണ് കഴിഞ്ഞ ദിവസം വൈകിട്ട് വാഴത്തോട്ടത്തിലെ കുളത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
തുടർന്ന് കുട്ടിയെ കന്യാകുളങ്ങര സർക്കാർ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാൽ വാങ്ങാനായി വീട്ടിൽ നിന്ന് പോയ കുട്ടി തിരികെ എത്താത്തതിനാൽ മൂത്ത സഹോദരൻ ലാലു തിരക്കി ഇറങ്ങിയപ്പോൾ വഴിയോരത്തുള്ള വാഴത്തോട്ടത്തിലെ കുളത്തിനു സമീപം പാൽ കുപ്പി കണ്ടെത്തി.
വിവരം അറിഞ്ഞു മാതാവ് എത്തിയപ്പോൾ കുട്ടി വെള്ളത്തിൽ അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ മാതാവ് മുനീറ കുളത്തിൽ ചാടി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. ഇതിനു ശേഷം മുനീറയും ബോധരഹിതയായി. ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്.