മൊഫിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു, സിഐ സുധീറിന്റെ പേരില്ല, ഭർത്താവ് സുഹൈൽ ഒന്നാം പ്രതി

ചൊവ്വ, 18 ജനുവരി 2022 (21:35 IST)
ആലുവ: നിയമ വിദ്യാര്‍ഥിനി മൊഫിയ പര്‍വീണ്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഭര്‍ത്താവ് മുഹമ്മദ് സുഹൈലാണ് ഒന്നാം പ്രതി. സുഹൈലിന്റെ മാതാപിതാക്കളായ യൂസഫ്, റുഖിയ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. 
 
മൊഫിയ സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും ഇരയായെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അന്വേഷണം നടത്തിയ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
 
സ്ത്രീധന പീഡനം,ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. അതേസമയം ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശമുള്ള മുന്‍ ആലുവ സി.ഐ. സി.എല്‍. സുധീറിന്റെ പങ്കിനെ പറ്റി കുറ്റപത്രത്തില്‍ പരാമര്‍ശമില്ല.
 
മൊഫിയ ആലുവ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ സുധീറിന്റെ ഇടപെടലുകളെ പറ്റിയുള്ള വകുപ്പുതല അന്വേഷണം കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എഫ്. ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിൽ നടക്കുകയാണ്. കഴിഞ്ഞ നവംബർ 22നാണ് മൊഫിയ സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്‌തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍