കൊലപാതകവും അഴിമതിയും നമ്മെ തകര്‍ക്കാനുള്ള ആയുധമാക്കാന്‍ അവസരം നല്കരുത്; രാഷ്‌ട്രീയ കൊലപാതകത്തില്‍ സി പി എമ്മിനെ വിമര്‍ശിച്ച് ജനയുഗം

വെള്ളി, 14 ഒക്‌ടോബര്‍ 2016 (09:06 IST)
കൊലപാതക രാഷ്‌ട്രീയത്തില്‍ സി പി എമ്മിനെ വിമര്‍ശിച്ച് സി പി ഐ മുഖപത്രമായ ജനയുഗം. കണ്ണൂരില്‍ നിന്ന് വരുന്ന അറുംകൊലയുടെ വാര്‍ത്തകള്‍ ജനാധിപത്യ വിശ്വാസികളെ അമ്പരപ്പിക്കുന്നതാണെന്ന് മുഖപ്രസംഗത്തില്‍ സി പി ഐ പറയുന്നു. കൊലപാതകവും അഴിമതിയും നമ്മെ തകര്‍ക്കാനുള്ള ആയുധമാക്കാന്‍ അവസരം നല്കരുതെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
 
കണ്ണൂരിലെ കൊലപാതക രാഷ്‌ട്രീയത്തില്‍ തിരുത്തല്‍ വേണം. അവിടെനിന്നും വരുന്ന അശാന്തിയുടെയും അറുംകൊലയുടെയും  വാര്‍ത്തകള്‍ അമ്പരപ്പിക്കുന്നതാണ്. വര്‍ഗീയ ഫാസിസ്റ്റ് സംഘടന നല്കുന്ന അടികള്‍ക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കരുത്. അത്തരം മറുപടികള്‍ ചരിത്രദൌത്യമല്ലെന്നും മുഖപ്രസംഗത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.
 
അഴിമതിയും കൊലപാതകവും നമ്മെ തകര്‍ക്കാനുള്ള ആയുധമാക്കാന്‍ അവസരം നല്കരുത്. ഭരണരാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്ക് അതിനുള്ള രാഷ്‌ട്രീയപക്വത ഉണ്ടാകണം. ഇടതും വലതും ഒന്നെന്ന് വരുത്തിതീര്‍ക്കാനുള്ള സ്ഥാപിത താല്പര്യക്കാരുടെ സംഘടിത നീക്കമാണിത്. ഇതിനെതിരെ ജാഗ്രതയോടെ നില്‍ക്കാന്‍ ഇടതുപക്ഷത്തിന് കഴിയണമെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
 
ക്രമസമാധാനപ്രശ്നം എന്നതു മാത്രമല്ല, ശരിയായ രാഷ്‌ട്രീയദിശയില്‍ നിന്നുമുള്ള വ്യതിചലനം കൂടിയാണ് ഇത്തരം രാഷ്‌ട്രീയ കൊലപാതകങ്ങള്‍. രാഷ്‌ട്രീയ കൊലപാതകങ്ങള്‍ കാരണം സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ സാധിക്കുന്നില്ലെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക