ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ഭിന്നത തുടരുന്നു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തിയിരിക്കുകയാണ്. സുധാകരന്റേത് ഫാസിസ്റ്റ് സമീപനമെന്നാണ് വിമര്‍ശനം. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ക്ക് സുധാകരന്റെ രീതികളോട് എതിര്‍പ്പുണ്ട്. പാര്‍ട്ടിയില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും കൊഴിഞ്ഞുപോകുന്നത് ഭാവിയില്‍ ദോഷം ചെയ്യുമെന്ന അഭിപ്രായമാണ് എ, ഐ ഗ്രൂപ്പുകള്‍ക്കുള്ളത്.
കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ മുതലെടുക്കുകയാണ് സിപിഎം ലക്ഷ്യമിട്ടിരിക്കുന്നത്. കോണ്‍ഗ്രസിലെ അസംതൃപ്തര്‍ ബിജെപിയിലേക്ക് പോകാതെ നോക്കണമെന്നാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍ സിപിഎമ്മിലെത്തിയത് ഈ പദ്ധതി പ്രകാരമാണ്. സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വമാണ് അനില്‍കുമാറുമായുള്ള ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചത്. കോടിയേരി ബാലകൃഷ്ണനാണ് എല്ലാ നീക്കങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ഒരാള്‍ പോലും പോകാതെ നോക്കണമെന്നാണ് കോടിയേരി ജില്ലാ നേതൃത്വങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതനുസരിച്ച് ജില്ലാ നേതൃത്വങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.