സ്വർണം കൊടുത്തയച്ചത് ആർക്ക്? ആർക്ക് കിട്ടി? തീയില്ലാതെ പുകയുണ്ടെന്ന് വരുത്താൻ ശ്രമം: നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി

ചൊവ്വ, 28 ജൂണ്‍ 2022 (16:45 IST)
സോളാർ കേസിൽ അനാവശ്യപഴി കേൾക്കാതിരിക്കാനാണ് അന്വേഷണം സിബിഐയ്ക്ക് കൈമാറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത് കേസ് സർക്കാർ അട്ടിമറിക്കുന്നുവെന്ന് ആക്ഷേപിക്കാൻ സംസ്ഥാന സർക്കാരല്ല കേസ് അന്വേഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
രഹസ്യമൊഴി തിരുത്താൻ സർക്കാർ ഇടനിലക്കാർ ശ്രമിച്ചെന്ന ആരോപണം എന്തിൻ്റെ അടിസ്ഥാനത്തിലാണ് ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ആദ്യമായല്ല 164 പ്രകാരമുള്ള രഹസ്യമൊഴി നൽകുന്നത്. ഇടനിലക്കാർ വഴി ഇത് തിരുത്താൻ ശ്രമിച്ചെന്ന് പറയുന്നത് കെട്ടുകഥയാണ്. മൊഴി തിരുത്തിയാൽ ഇല്ലാതാകുന്നകേസല്ല ഇത്.
 
പ്രതിയായ യുവതിക്ക് വ്യക്തമായ ഭൗതിക സാഹചര്യം ഒരു സംഘടന ഒരുക്കിനൽകുന്നുണ്ട്. ജോലി, താമസം,വക്കീൽ,ശമ്പളം,പ്രധാനമന്ത്രിക്ക് കത്തെഴുതാൻ ലെറ്റർ ഹെഡ് വരെ നൽകുന്നു. നിയമത്തിൻ്റെ വഴിയിലൂടെയാണ് സർക്കാർ സഞ്ചരിക്കുന്നത്. ചില പ്രത്യേക ലക്ഷ്യത്തോടെ കേസിലെ പ്രതി രാഷ്ട്രീയ നേതാക്കൾക്കെതിരെയും ഭരണകർത്താക്കൾക്കെതിരെയും സസ്പെൻസ് നിലനിർത്തുന്ന ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അന്വേഷണം നടത്തുന്നതിൽ വേവലാതി എന്തിനെന്നും മുഖ്യമന്ത്രി ചോദിച്ചു.
 
തീയില്ലാതെ പുകയുണ്ടെന്ന് വരുത്തിതീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംഘപരിവാർ ആളുകളുടെ ശബ്ദം സഭയിൽ ഉയർത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സ്വർണം കൊടുത്തയച്ചത് ആർക്ക്? ആർക്ക്ക് സ്വർണം കിട്ടി എന്ന സ്വാഭാവിക ചോദ്യങ്ങളൊന്നും കോൺഗ്രസ്,ബിജെപി ബന്ധമുള്ള ആരും ചോദിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍