വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സിറ്റി ഗ്യാസ് പദ്ധതി ആരംഭിച്ചു; ആദ്യഘട്ടത്തില്‍ പത്ത് വാര്‍ഡുകളിലായി 12,000 കണക്ഷനുകള്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 15 ജൂണ്‍ 2024 (12:55 IST)
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ പൈപ്പ് ലൈന്‍ വഴി പാചകവാതകം വിതരണം ചെയ്യുന്ന സിറ്റിഗ്യാസ് പദ്ധതിക്ക് തുടക്കമായി. പേരൂര്‍ക്കട സോപാനം കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഏറെക്കാലമായി നാട് കാത്തിരുന്ന പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. സിറ്റി ഗ്യാസ് പദ്ധതിയിലൂടെ വലിയ മാറ്റമാണ് നാടിനുണ്ടാകുന്നത്. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പദ്ധതി സമയബന്ധിതമായി  പൂര്‍ത്തീകരിക്കുന്നതിന് എ ജി ആന്‍ഡ് പി പ്രഥം കമ്പനിക്ക് കഴിയണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഗാര്‍ഹിക ഗുണഭോക്താക്കള്‍ക്കുള്ള സി എന്‍ ജി രജിസ്ട്രേഷന്‍  കാര്‍ഡുകളും ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. 
 
വി കെ പ്രശാന്ത് എം എല്‍ എ അധ്യക്ഷനായിരുന്നു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി മണ്ഡലത്തിലെ ജനങ്ങള്‍ സഹകരിച്ചുവെന്നും എല്ലാ വാര്‍ഡുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും എം  എല്‍ എ പറഞ്ഞു. 120 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. എ ജി ആന്‍ഡ് പി പ്രഥം കമ്പനിയാണ് പദ്ധതിയുടെ നടത്തിപ്പുകാര്‍. മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്ന പദ്ധതിയില്‍, ആദ്യഘട്ടത്തില്‍ മണ്ഡലത്തിലെ പത്ത് വാര്‍ഡുകളാണുള്ളത്. 
 
മെഡിക്കല്‍ കോളേജ്, പട്ടം, മുട്ടട, കുറവന്‍കോണം, കേശവദാസപുരം, കവടിയാര്‍, പേരൂര്‍ക്കട, നന്ദന്‍കോട്, നാലാഞ്ചിറ, ശാസ്തമംഗലം എന്നിവിടങ്ങളിലാണ് സിറ്റി ഗ്യാസ് പദ്ധതി ആദ്യം എത്തുന്നത്. കമ്പനിയുടെ കൊച്ചുവേളി പ്ലാന്റില്‍ നിന്നാണ് വാതകം എത്തിക്കുന്നത്.  60 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 12,000 കണക്ഷനുകളാണ്  നല്‍കുന്നത്. പൊതുമേഖല സ്ഥാപനമായ എച്ച് എല്‍ എല്ലും ആദ്യ ഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 
 
നിലവിലെ പാചകവാതക സിലിണ്ടറുകളില്‍ നിന്ന് സിറ്റി ഗ്യാസ് പദ്ധതിയിലേക്ക് മാറുമ്പോള്‍ 10% മുതല്‍ 20% വരെ സാമ്പത്തിക ലാഭം ഗുണഭോക്താക്കള്‍ക്ക് ഉണ്ടാകും.   കണക്ഷന്റെ ഭാഗമായി സ്ഥാപിക്കുന്ന മീറ്റര്‍ റീഡിംഗിന് അനുസരിച്ച് ഉപയോഗിക്കുന്ന ഗ്യാസിന് പണം നല്‍കിയാല്‍ മതിയാകും. ഒരു യൂണിറ്റിന് 50 രൂപ നിരക്കിലാകും ഗുണഭോക്താക്കളില്‍ നിന്ന്  ഈടാക്കുക. അന്താരാഷ്ട നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പാചകവാതക സിലിണ്ടറുകളെ അപേക്ഷിച്ച് പൈപ്പ് ലൈനുകളില്‍ ഗ്യാസിന്റെ മര്‍ദ്ദം വളരെകുറഞ്ഞ അളവിലാണുള്ളത്. ഇത് അപകട സാധ്യതയും കുറയ്ക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍