സിനിമാ രംഗത്തെ വനിതകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നിയമ നിര്‍മാണം നടത്തുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 17 മാര്‍ച്ച് 2022 (19:27 IST)
സിനിമ രംഗത്തെ വനിതകളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍ പ്രത്യേക നിയമ നിര്‍മാണം നടത്തുമെന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിഷന്‍, ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ പഠിച്ച്, വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയാകും നിയമ നിര്‍മാണമെന്നും അദ്ദേഹം വ്യക്തമാക്കി. നവീകരിച്ച കൈരളി-നിള-ശ്രീ തിയേറ്ററുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
 
സിനിമ രംഗത്തെ സ്ത്രീ സംരക്ഷണത്തിനു സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ബോധവത്കരണത്തിനായി 'സമം' എന്ന പദ്ധതി വിജയകരമായി നടപ്പാക്കുന്നുണ്ട്. ചില മേഖലകളില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നുവെന്നത് സങ്കടകരമാണ്. ഇക്കാര്യത്തില്‍ കര്‍ശന നിലപാടു സ്വീകരിക്കാന്‍തന്നെയാണു തീരുമാനം. ഇതിന്റെ ഭാഗമായാണു പ്രത്യേക നിയമ നിര്‍മാണത്തിനു നടപടിയെടുക്കുന്നത്. വരുന്ന ഒന്നോ രണ്ടോ നിയമസഭാ സമ്മേളനങ്ങളില്‍ ഇതു യാഥാര്‍ഥ്യമാകും. സ്ത്രീയും പുരുഷനും ഒരുപോലെയാണെന്ന ബോധ്യം സമൂഹത്തില്‍ സൃഷ്ടിക്കും. സിനിമ  സാംസ്‌കാരിക രംഗത്തെ കലാകാരന്‍മാരെ സംരക്ഷിക്കുന്നതിനായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പുതിയ സംരക്ഷണ കേന്ദ്രം നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍