ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഓശാനഞായര്‍ ആചരിച്ചു. ക്രിസ്തുദേവന്‍ ജറുസലേം നഗരത്തിലേക്ക് കഴുതക്കുട്ടിയുടെ പുറത്ത് രാജകീയപ്രവേശം നടത്തിയതിന്റെ ഓര്‍മ്മ തിരുന്നാള്‍ ആണ് ഓശാനഞായര്‍ എന്ന പേരില്‍ ക്രൈസ്തവര്‍ ആചരിച്ചു പോരുന്നത്. കഴുതപ്പുറത്തെത്തിയ ക്രിസ്തുവിനെ ഒലിവിന്‍ ചില്ലകളേന്തി ആര്‍പ്പുവിളികളോടെയാണ് ജനം സ്വീകരിച്ചത്.
ഓശാന ഞായറിന്റെ ഭാഗമായി കേരളത്തിലെ ദേവാലയങ്ങളിലും കുരുത്തോല വിതരണവും വിശുദ്ധ കുര്‍ബാനയും നടന്നു. കുരുത്തോലപ്രദക്ഷിണത്തിലും തിരുക്കര്‍മ്മങ്ങളിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു. ഓശാനഞായറിനെ തുടര്‍ന്ന് ക്രൈസ്തവര്‍ വിശുദ്ധവാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇനിയുള്ള ഒരാഴ്ച യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴം, പീഡാനുഭവം, കുരിശുമരണം, ഉയിര്‍പ്പ് എന്നിവയെ അനുസ്മരിപ്പിക്കുന്നതാണ്.