സിഇടി അപകടം: ആഭ്യന്തരവകുപ്പിനെതിരെ കെഎസ്‌യു, പൊലീസ് ഒത്തുകളിക്കുന്നു
ശനി, 22 ഓഗസ്റ്റ് 2015 (11:04 IST)
തിരുവനന്തപുരം സിഇടി കോളേജിൽ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് മരിച്ച തെസ്‌നി ബഷീറിന്റെ മരണവുമായി
ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതില്‍ ആഭ്യന്തരവകുപ്പിന് വീഴ്ച പറ്റിയെന്ന് കെഎസ്‌യു. സംഭവം നടന്നിട്ട് മൂന്നു ദിവസമായിട്ടും പ്രതികളെ പിടികൂടിയിട്ടില്ല. കേസ് ഒതുക്കിതീര്‍ക്കാന്‍ പൊലീസ് ഒത്തുകളിക്കുന്നു. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കണമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വിഎസ് ജോയ് പറഞ്ഞു.
കേസ് ഒതുക്കിതീര്‍ക്കാന്‍ പൊലീസ് ഒത്തുകളിക്കുകയാണ്. മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ രക്ഷപ്പെടുത്താന്‍ പൊലീസ് കൂട്ടു നില്‍ക്കുകയാണ്. പ്രതികള്‍ ആരെല്ലാമെന്ന് വ്യക്തമായി അറിയാവുന്ന സാഹചര്യത്തിലാണ് പൊലീസ് പ്രതികളെ പിടികൂടാതിരിക്കുന്നതെന്നും വിഎസ് ജോയ് പറഞ്ഞു.
അതേസമയം, തെസ്‌നി ബഷീറിന്റെ മരണത്തിലെ അന്വേഷണം ശരിയായ ദിശയിലാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആയുധപ്പുരകളാകുന്ന ക്യാമ്പസുകളില്‍ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ഡെപ്യൂട്ടി പോലീസ് കമ്മിഷണർ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചയ്ക്ക് ആൺകുട്ടികളുടെ ഹോസ്റ്റലിൽ നടത്തിയ പരിശോധനയിൽ ഇരുമ്പ് കമ്പി, ഹോക്കി സ്റ്റിക്ക് എന്നിവ കണ്ടെടുത്തിയിരുന്നു.