മലയാളികളെ അധിക്ഷേപിച്ചതിന് അർണബ് ഗോസ്വാമിക്കെതിരെ കേസ്; 20ന് കണ്ണൂരിൽ എത്തണം

വ്യാഴം, 21 മാര്‍ച്ച് 2019 (08:35 IST)
മലയാളികൾക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ റിപ്പബ്ലിക്ക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരെ കേസ്. കണ്ണൂര്‍ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് കേസെടുത്തത്. അര്‍ണബ് ജൂണ്‍ 20-ന് കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമന്‍സ് അയക്കാനും ഉത്തരവായിട്ടുണ്ട്. സി പി എം നേതാവും പീപ്പിള്‍സ് ലോ ഫൗണ്ടേഷന്‍ പ്രസിഡന്റുമായ പി. ശശി നല്‍കിയ ഹരജിയിലാണ് നടപടി.
 
പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തെ സഹായിക്കാന്‍ യു.എ.ഇ. ഭരണകൂടം 700 കോടി രൂപ സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഇത് സ്വീകരിക്കരുതെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ വിലക്കിയിരുന്നു. ഇതിനെ മലയാളികള്‍ ശക്തമായി എതിര്‍ത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ ‘ഇത്ര നാണംകെട്ടവരെ താന്‍ മുമ്പ് കണ്ടിട്ടി’ല്ലെന്നായിരുന്നു ചാനലിലൂടെ അര്‍ണബ് പറഞ്ഞത്. 
 
ഇത് മലയാളികളെയാകെ അവഹേളിക്കുന്ന പരാമര്‍ശമാണെന്ന് കാണിച്ചായിരുന്നു പി. ശശി കോടതിയെ സമീപിച്ചത്. ഫൗണ്ടേഷനുവേണ്ടി അഡ്വ. വി. ജയകൃഷ്ണന്‍ ഹാജരായി. പരാമര്‍ശം അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടി പി ശശി അര്‍ണബിന് നേരത്തെ വക്കീല്‍ നോട്ടീസയച്ചിരുന്നു.

ഏഴുദിവസത്തിനകം മലയാളി കളോട് ഖേദംപ്രകടിപ്പിക്കണമെന്നും അല്ലാത്തപക്ഷം പത്തുകോടി രൂപ നഷ്ടപരിഹാരമായി മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്കു നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 500, ക്രിമിനല്‍ നടപടിച്ചട്ടം 190 പ്രകാരം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍