മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം: ഇതുവരെ 39 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു, സോഷ്യല്‍ മീഡിയയില്‍ നിരീക്ഷണം ശക്തം

രേണുക വേണു

വെള്ളി, 2 ഓഗസ്റ്റ് 2024 (20:45 IST)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ കുപ്രചരണം നടത്തിയതിനു ഇതുവരെ 39 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയ 279 സാമൂഹ്യ മാധ്യമ അക്കൗണ്ടുകളാണ് ഇതുവരെ കണ്ടെത്തിയത്. ഇവ നീക്കം ചെയ്യാന്‍ നിയമപ്രകാരമുള്ള നോട്ടീസ് നല്‍കിയിട്ടുണ്ട്.
 
ആലപ്പുഴയിലും പാലക്കാടും അഞ്ചുവീതവും തിരുവനന്തപുരം സിറ്റിയിലും തൃശൂരും റൂറലിലും നാലുവീതവും കൊല്ലം റൂറല്‍, കോട്ടയം എന്നിവിടങ്ങളില്‍ മൂന്നു വീതവും എറണാകുളം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ സിറ്റി,കണ്ണൂര്‍ സിറ്റി എന്നിവിടങ്ങളില്‍ രണ്ടു വീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഒന്നു വീതം കേസുകള്‍ ഇന്നു രജിസ്റ്റര്‍ ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സൈബര്‍ സെല്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 
 
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ദുരിതാശ്വാസ നിധിക്കെതിരെ കുപ്രചരണങ്ങള്‍ ആരംഭിച്ചത്. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍